അഭ്യൂഹങ്ങൾക്കിടെ ദിബാലയുടെ കരാർ പുതുക്കാൻ യുവന്റസ്, മുന്നോട്ട് വെക്കുക ഈ ഓഫർ !

സൂപ്പർ താരം പൌലോ ദിബാല നിലവിൽ യുവന്റസിൽ സംതൃപ്തനാണോ എന്നുള്ളത് പല മാധ്യമങ്ങളും ഉയർത്തി കാട്ടിയിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയ താരത്തിന് ക്ലബ്ബിൽ വേണ്ട വിധത്തിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. മാത്രമല്ല മൊറാറ്റയുടെ വരവോടു കൂടി ദിബാല പലപ്പോഴും ഫസ്റ്റ് ഇലവനിൽ നിന്ന് തഴയപ്പെടുകയും ചെയ്തു. കൂടാതെ താരത്തെ പിഎസ്ജി റാഞ്ചിയേക്കുമെന്ന വാർത്തകളും സജീവമായി. അർജന്റൈൻ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ പിഎസ്ജിയുടെ പരിശീലകസ്ഥാനമേറ്റെടുത്താൽ ദിബാലയെ പിഎസ്ജി റാഞ്ചിയേക്കുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങളും പിന്നാലെ ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ തങ്ങൾക്ക്‌ ദിബാലയെ വിട്ടു നൽകാൻ ഉദ്ദേശമില്ലെന്നാണ് യുവന്റസിന്റെ നിലപാട്.

താരത്തിന്റെ കരാർ പുതുക്കാനുള്ള ഒരുക്കങ്ങളിലാണ് യുവന്റസ്. ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ട് ആണ് ഈ വാർത്തയുടെ ഉറവിടം. ഈ ഫെബ്രുവരിയിൽ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ് ദിബാലയെ സമീപിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ജനുവരിയിൽ പ്രധാനപ്പെട്ട മത്സരങ്ങൾ ഉള്ളതിനാലാണ് യുവന്റസ് ചർച്ചകൾ ഫെബ്രുവരിയിലേക്ക് മാറ്റിയത്. നിലവിൽ 2022 വരെയാണ് ദിബാലക്ക്‌ ഓൾഡ് ലേഡീസുമായി കരാർ ഉള്ളത്. ഇതു അഞ്ച് വർഷത്തേക്ക് നീട്ടാനാണ് യുവന്റസ് ഉദ്ദേശിക്കുന്നത്. വർഷം പത്ത് മില്യൺ യൂറോയും കൂടാതെ രണ്ട് മില്യൺ യൂറോ ബോണസും കൂടി നൽകാമെന്നാണ് യുവന്റസിന്റെ മുന്നോട്ട് വെക്കുന്നത് ഓഫർ. 2027 വരെയാണ് താരത്തെ ടീമിൽ നിലനിർത്താൻ ഉദ്ദേശിക്കുന്നത്. കൂടാതെ യുവന്റസിന്റെ ക്യാപ്റ്റൻ സ്ഥാനം നൽകുമെന്ന വാഗ്ദാനവും യുവന്റസ് മുന്നോട്ട് വെക്കുമെന്ന് ട്യൂട്ടോസ്പോർട്ട് അറിയിക്കുന്നുണ്ട്. ഏതായാലും ദിബാൾ ഈ ഓഫർ സ്വീകരിക്കുമോ അതോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്നുള്ളത് നോക്കികാണേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *