യുണൈറ്റഡ് വിട്ട് ഇന്ററിലെത്തി, ലുക്കാക്കു ഇപ്പോൾ മാരകഫോമിൽ!

കേവലം പന്ത്രണ്ട് മാസങ്ങളെ ആയിട്ടുള്ളൂ റൊമേലു ലുക്കാക്കു മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു ഇന്റർമിലാനിലേക്ക് ചേക്കേറിയിട്ട്. മാഞ്ചെസ്റ്റെർ യുണൈറ്റഡിൽ മോശം ഫോമിന്റെ പേരിൽ ഏറെ പഴികേട്ട താരത്തെ ഇന്റർമിലാൻ പരിശീലകൻ കോന്റെ തന്റെ ക്ലബിൽ എത്തിക്കുകയായിരുന്നു. ഇന്റർമിലാനിൽ എത്തും മുമ്പ് തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു താരം യുണൈറ്റഡിൽ കാഴ്ച്ചവെച്ചിരുന്നത്. 45 മത്സരങ്ങളിൽ നിന്ന് കേവലം 15 ഗോളുകൾ മാത്രമാണ് ലുക്കാക്കു നേടിയിരുന്നത്. എന്നാൽ ഇപ്രാവശ്യം ഇന്ററും കോന്റെയും അദ്ദേഹത്തിന് പുതുജീവൻ നൽകി. ഈ സീസണിൽ ആകെ താരം അടിച്ചു കൂട്ടിയത് മുപ്പത്തിമൂന്ന് ഗോളുകളാണ്. അതായത് കരിയറിലെ മോശം പ്രകടനത്തിൽ നിന്നും മികച്ച പ്രകടനത്തിലേക്കുള്ള ദൂരം വെറും പന്ത്രണ്ട് മാസം മാത്രം.

യൂറോപ്പ ലീഗിന്റെ സെമി ഫൈനലിൽ ഇരട്ടഗോളുകൾ നേടി വിജയത്തിലേക്ക് നയിക്കാൻ താരത്തിന് സാധിച്ചിരുന്നു. ഇന്ന് സെവിയ്യയെ ഫൈനലിൽ നേരിടാൻ പോവുമ്പോഴും താരത്തിന്റെ കാലുകളിൽ തന്നെയാണ് ഇന്ററിന്റെ പ്രതീക്ഷകൾ. കേവലം ഒരു പോയിന്റിനാണ് ഇന്ററിന് ഇത്തവണ സിരി എ കിരീടം നഷ്ടമായത്. അതേസമയം ഇന്റർ മിലാന്റെ മറ്റൊരു റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ലുക്കാക്കു. ഇന്ററിന് വേണ്ടി എല്ലാ കോംപിറ്റീഷനുകളിലുമായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ബ്രസീലിയൻ താരം റൊണാൾഡോയുടെ പേരിലാണ്. 1997/98 സീസണിൽ 33 ഗോളുകളാണ് റൊണാൾഡോ നേടിയത്. ഈ റെക്കോർഡിനൊപ്പം എത്താൻ ലുക്കാക്കുവിന് കഴിഞ്ഞു. ഇന്നത്തെ മത്സരത്തിൽ ഒരു ഗോൾ കൂടി നേടിയാൽ ഇതിഹാസത്തിന്റെ റെക്കോർഡ് തകർക്കാൻ ലുക്കാക്കുവിന് ആവും. ലുക്കാക്കുവിനെ കൂടാതെ യുണൈറ്റഡിൽ നിന്നെത്തിയ മറ്റ് രണ്ട് പേരും ഇന്ററിൽ മിന്നും ഫോമിൽ ആണ്. അലക്സിസ് സാഞ്ചസും ആഷ്‌ലി യങ്ങും. ഇരുവരും ഈ സീസണിൽ ഇന്ററിന്റെ വിജയകുതിപ്പിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *