കോപ്പ ഇറ്റാലിയ സെമി ഫൈനൽ ജൂൺ പന്ത്രണ്ടിന്, അരങ്ങേറുന്നത് തീപ്പാറും പോരാട്ടങ്ങൾ
ജൂൺ പന്ത്രണ്ടോടെ ഇറ്റലിയിലെ ഫുട്ബോൾ മൈതാനങ്ങൾ സജീവമാകും. ജൂൺ പന്ത്രണ്ടിന് കോപ്പ ഇറ്റാലിയ സെമി ഫൈനൽ രണ്ടാംപാദ മത്സരങ്ങൾ അരങ്ങേറുമെന്ന് ഇറ്റാലിയൻ സ്പോർട്സ് മിനിസ്റ്റർ വിൻസെൻസോ സ്പഡഫോറ അറിയിച്ചു. ആദ്യപാദ മത്സരങ്ങൾ കോവിഡ് പ്രതിസന്ധി മുന്നേ നടത്തപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ നടന്ന ആദ്യമത്സരത്തിൽ യുവന്റസും എസി മിലാനും സമനിലയിൽ പിരിഞ്ഞിരുന്നു. എസി മിലാന്റെ സ്റ്റേഡിയമായ സാൻസിറോയിൽ വെച്ച് നടന്ന മത്സരത്തിൽ 1-1 ആയിരുന്നു സ്കോർ. രണ്ടാം സെമി ഫൈനലിൽ ഇന്റർമിലാനെതിരെ വിജയക്കൊടി പാറിക്കാൻ നാപോളിക്കായിരുന്നു. സാൻസിറോയിൽ തന്നെ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്റർമിലാൻ പരാജയം രുചിച്ചത്. അത്കൊണ്ട് തന്നെ ആർക്കും വ്യക്തമായ മുൻതൂക്കം ഇല്ലാത്തതിനാൽ രണ്ടാംപാദ മത്സരങ്ങൾ തീപ്പാറും പോരാട്ടങ്ങളായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Coppa Italia semi-finals dates have now been CONFIRMED…8 more days 🍿 pic.twitter.com/iH1BPEfuAF
— Italian Football TV (@IFTVofficial) June 4, 2020
ജൂൺ പന്ത്രണ്ടിന് നടക്കുന്ന മത്സരത്തിൽ യുവന്റസും എസി മിലാനും തമ്മിൽ ട്യൂറിനിൽ വെച്ചായിരിക്കും ഏറ്റുമുട്ടുക. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ, ദിബാല, ഇബ്രാഹിമോവിച്ച് എന്നിവരെല്ലാം കളത്തിലിറങ്ങിയേക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ജൂൺ പതിമൂന്നിന് നാപോളിയും ഇന്ററും നാപോളിയുടെ മൈതാനത്ത് വെച്ച് ഏറ്റുമുട്ടും. ലൗറ്ററോ മാർട്ടിനെസ്, ലുക്കാക്കു എന്നീ താരങ്ങൾ അന്ന് ബൂട്ടണിഞ്ഞേക്കും. ജൂൺ പതിനേഴിനാണ് കോപ്പ ഇറ്റാലിയയുടെ ഫൈനൽ നടക്കുക. ജൂൺ ഇരുപതിന് സിരി എയും കളത്തിലേക്ക് തിരിച്ചെത്തും. തുടക്കത്തിൽ ജൂൺ പതിമൂന്നിനും പതിനാലിനുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം ലാസിയോയായിരുന്നു ജേതാക്കൾ. അറ്റ്ലാന്റയെയാണ് അന്ന് ലാസിയോ കീഴടക്കിയത്.
#CoppaItalia semi finals and final to be played from June 12 to 17. pic.twitter.com/HwIUpV44f0
— All India Radio Sports (@akashvanisports) June 5, 2020