GOAT ആരാണ്? വിചിത്ര മറുപടിയുമായി റോഡ്രി!
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം അഥവാ GOAT ആരാണ് എന്നുള്ള ചോദ്യം എല്ലാ താരങ്ങൾക്കും ആരാധകർക്കും നേരിടേണ്ടിവരുന്ന ചോദ്യമാണ്. ലയണൽ മെസ്സിയെ GOAT ആയിക്കൊണ്ട് പരിഗണിക്കുന്നവർ നിരവധിയാണ്. അതുപോലെതന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് പരിഗണിക്കുന്നവരും ഏറെയാണ്. ഇതിനുപുറമേ പെലെ,മറഡോണ എന്നിവരെ ഈ സ്ഥാനത്ത് കാണുന്നവരും ഒരുപാടുണ്ട്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളായിരിക്കും ഉണ്ടാവുക.
പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോളിന് കഴിഞ്ഞ ദിവസം റോഡ്രി ചെറിയ ഒരു ബൈറ്റ് നൽകിയിരുന്നു.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ് എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മറുപടി ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരല്പം വിചിത്രമായിരിക്കും. തന്റെ സഹതാരമായ കെവിൻ ഡി ബ്രൂയിനയുടെ പേരാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഫുട്ബോൾ ലോകം ഇന്ന് വരെ കണ്ട ഏറ്റവും മികച്ച താരമായി കൊണ്ട് റോഡ്രി പരിഗണിക്കുന്നത് ഡി ബ്രൂയിനയെയാണ്.
മാഞ്ചസ്റ്റർ സിറ്റിയിൽ ഒരുപാട് കാലമായി ഒരുമിച്ച് കളിക്കുന്നവരാണ് റോഡ്രിയും ഡി ബ്രൂയിനയും. തന്റെ സഹതാരത്തോടുള്ള ഇഷ്ടമാണ് റോഡ്രി ഇതിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ മറ്റു ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്. ഏറ്റവും മികച്ച ഗോൾ സ്കോറർ ആയിക്കൊണ്ട് ഏർലിങ് ഹാലന്റിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്. അതേസമയം ഏറ്റവും അണ്ടർ റേറ്റഡായ താരമായി കൊണ്ട് ഇൽകെയ് ഗുണ്ടോഗനെയാണ് താരം തിരഞ്ഞെടുത്തിട്ടുള്ളത്.
വേഗതയുടെ കാര്യത്തിൽ മറ്റൊരു മാഞ്ചസ്റ്റർ സിറ്റി താരമായ ജെറമി ഡോക്കുവിനെയാണ് റോഡ്രി പറഞ്ഞിട്ടുള്ളത്. ഏറ്റവും ഭീതിപ്പെടുത്തുന്ന താരമായി കൊണ്ട് തിരഞ്ഞെടുത്തിട്ടുള്ളതും ഹാലന്റിനെ തന്നെയാണ്. വലിയ മത്സരങ്ങളിൽ തിളങ്ങുന്ന താരമായി കൊണ്ട് റോഡ്രി തന്നെതന്നെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.സ്കിൽസിന്റെ കാര്യത്തിൽ റിയാദ് മഹ്റസിനെ കൂടി താരം തിരഞ്ഞെടുത്തിട്ടുണ്ട്. ചുരുക്കത്തിൽ റോഡ്രിയുടെ അഭിരുചി വളരെ വ്യക്തമാണ്.മാഞ്ചസ്റ്റർ സിറ്റിക്ക് മാത്രമാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്.