EPL ക്ലബുകളെ കൂട്ടീഞ്ഞോ പരിഗണിച്ചില്ല, കാരണം വെളിപ്പെടുത്തി ഏജന്റ്!
ഈ സീസണിൽ എഫ്സി ബാഴ്സലോണക്കൊപ്പം ആദ്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ. ഏകദേശം ഒമ്പത് മാസത്തോളം പുറത്തിരുന്ന ശേഷമാണ് കൂട്ടീഞ്ഞോ തിരിച്ചു വരവിനൊരുങ്ങുന്നത്. പരിക്കായിരുന്നു താരത്തെ വലച്ചിരുന്നത്. ലാലിഗയിൽ നടക്കുന്ന ഗെറ്റാഫെക്കെതിരെയുള്ള മത്സരത്തിൽ ഫിലിപ്പെ കൂട്ടീഞ്ഞോ കളത്തിലേക്കിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ ട്രാൻസ്ഫർ ജാലകത്തിൽ കൂട്ടീഞ്ഞോയെ വിൽക്കാൻ ബാഴ്‌സ ശ്രമിച്ചിരുന്നുവെങ്കിലും സാധ്യമായിരുന്നില്ല. അനുയോജ്യമായ ഓഫറുകൾ വന്നിരുന്നില്ല എന്നതായിരുന്നു ഇതിന് കാരണം.അതേസമയം പ്രീമിയർ ലീഗിൽ നിന്നുള്ള ഓഫറുകൾ കേൾക്കാൻ കൂട്ടീഞ്ഞോ തയ്യാറായിരുന്നില്ല എന്ന് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ താരത്തിന്റെ ഏജന്റായ കിയാ ജൂർബച്ചിയാൻ.തന്റെ മുൻ ക്ലബായ ലിവർപൂളിന്റെ എതിരാളിയാവാൻ കൂട്ടീഞ്ഞോ ആഗ്രഹിക്കുന്നില്ല എന്നാണ് ഇതിന്റെ കാരണമായി ഏജന്റ് ചൂണ്ടികാണിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Coutinho's agent: "Liverpool is in his heart" https://t.co/55C4NSGUqQ
— SPORT English (@Sport_EN) August 24, 2021
” എനിക്ക് തോന്നുന്നത് ലിവർപൂൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നാണ്.കഴിഞ്ഞ സീസണിൽ ലിവർപൂളിന്റെ എല്ലാ കാര്യങ്ങളെയും അദ്ദേഹം പിന്തുടർന്നിരുന്നു.അവർ കിരീടം നേടാൻ കൂട്ടീഞ്ഞോ അതിയായി ആഗ്രഹിച്ചിരുന്നു.അദ്ദേഹം ഇപ്പോഴും ലിവർപൂളിന്റെ വലിയൊരു ആരാധകനാണ്.ലിവർപൂളിന്റെ എതിരാളിയാവാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. അത് അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു ” ഇതാണ് കൂട്ടീഞ്ഞോയുടെ ഏജന്റ് പറഞ്ഞത്.
ഏതായാലും കൂട്ടീഞ്ഞോയെ നിലനിർത്താൻ തന്നെയായിരുന്നു പരിശീലകൻ കൂമാന്റെ തീരുമാനം. താരം ഫോം വീണ്ടെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.