CR7നെ ഒഴിവാക്കിയതോടെയാണ് ടെൻ ഹാഗിന് എല്ലാം നഷ്ടമായത്: സ്നെയ്ഡർ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുണ്ടായ സാഹചര്യങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. പരിശീലകൻ ടെൻ ഹാഗ് തന്നെ ബെഞ്ചിലിരുത്തുന്നതിനോട് കടുത്ത എതിർപ്പ് റൊണാൾഡോക്ക് ഉണ്ടായിരുന്നു. അദ്ദേഹം പിയേഴ്സ് മോർഗ്ഗനുമായുള്ള അഭിമുഖത്തിൽ അത് തുറന്ന് പറയുകയും പരസ്യമായി വിമർശിക്കുകയും ചെയ്തു. അതോടെ ടെൻ ഹാഗും യുണൈറ്റഡും റൊണാൾഡോയെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.റൊണാൾഡോ പിന്നീട് ക്ലബ്ബ് വിട്ടു.

റൊണാൾഡോ പോയതിനുശേഷം ടെൻ ഹാഗിന് കീഴിൽ യുണൈറ്റഡ് മെച്ചപ്പെടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു.എന്നാൽ അതിന്റെ നേർവിപരീതമാണ് സംഭവിച്ചത്.കൂടുതൽ പരിതാപകരമായ അവസ്ഥയിലാണ് ഇപ്പോൾ യുണൈറ്റഡ് ഉള്ളത്.ടെൻ ഹാഗിന് ഈ സീസണിന് ശേഷം തന്റെ പരിശീലക സ്ഥാനം നഷ്ടമാകാനുള്ള സാധ്യതകൾ ഏറെയാണ്. ഇതേക്കുറിച്ച് മുൻ ഡച്ച് സൂപ്പർതാരമായ വെസ്‌ലി സ്നെയ്ഡർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. റൊണാൾഡോയെ ഒഴിവാക്കിയതോടെയാണ് ടെൻ ഹാഗിന് എല്ലാം നഷ്ടമായത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.സ്നെയ്ഡറുടെ വാക്കുകൾ ഇങ്ങനെയാണ്.

“ടെൻ ഹാഗ് ചെയ്ത തെറ്റ് റൊണാൾഡോയോട് മത്സരിച്ചു എന്നുള്ളതാണ്. റൊണാൾഡോ പോയതോടുകൂടി എല്ലാവർക്കും ടെൻ ഹാഗിനോടുള്ള ബഹുമാനം നഷ്ടമായി.ക്രിസ്റ്റ്യാനോ റൊണാൾഡോ പോയാൽ എല്ലാം ശരിയാകും എന്നായിരുന്നു ടെൻ ഹാഗ് കരുതിയിരുന്നത്.എന്നാൽ അങ്ങനെയല്ല സംഭവിച്ചത്.ടെൻ ഹാഗിന് ഭ്രാന്താണോ എന്ന് ഡ്രസ്സിംഗ് റൂമിലെ ഓരോരുത്തരും ചിന്തിച്ചിട്ടുണ്ടാവും.ഈ സീസണിന് ശേഷം ക്ലബ്ബ് വിടേണ്ടി വരുമെന്ന് ടെൻ ഹാഗിന് ഇതിനോടകം തന്നെ മനസ്സിലായിട്ടുണ്ടാകും. അല്ലെങ്കിലും ക്ലബ്ബ് അദ്ദേഹത്തെ പുറത്താക്കും ” ഇതാണ് സ്നെയ്ഡർ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ചാമ്പ്യൻസ് ലീഗിൽ ഉള്ള യോഗ്യത ലഭിക്കില്ല എന്ന് ഉറപ്പായി കഴിഞ്ഞു.അതുകൊണ്ടുതന്നെ അദ്ദേഹത്തെ പുറത്താക്കാനുള്ള സാധ്യതകൾ ഏറെയാണ്.ഈ സീസണിന് ശേഷം ഈ പരിശീലകനെ പുറത്താക്കും എന്ന് തന്നെയാണ് പൊതുവിൽ പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *