7 ഗോളുകൾക്ക് വിജയിച്ചതിനെക്കാൾ മികച്ച കളി,എന്നിട്ടും :ക്ലോപ് പറയുന്നു.

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും സമനിലയിൽ പിരിഞ്ഞിരുന്നു.ആൻഫീൽഡിൽ വെച്ച് നടന്ന മത്സരത്തിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. മത്സരത്തിൽ ആധിപത്യം പുലർത്തിയത് ലിവർപൂൾ തന്നെയായിരുന്നു.എന്നാൽ യുണൈറ്റഡ് ഡിഫൻസിനെ മറികടക്കാൻ അവർക്ക് സാധിച്ചില്ല. ഗോളടിക്കാനാവാതെ പോയത് ലിവർപൂളിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി ഏൽപ്പിക്കുകയായിരുന്നു.

ഏതായാലും ഈ മത്സരത്തെക്കുറിച്ച് ലിവർപൂളിന്റെ പരിശീലകനായ ക്ലോപ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.കഴിഞ്ഞ തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് ലിവർപൂൾ വിജയിച്ചിരുന്നു. ആ മത്സരത്തിൽ പുലർത്തിയതിനേക്കാൾ കൂടുതൽ ആധിപത്യം ഈ മത്സരത്തിൽ പുലർത്തി എന്നും എന്നിട്ടും സമനില വഴങ്ങേണ്ടിവന്നു എന്നുമാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മാഞ്ചസ്റ്റർ യുണൈറ്റഡ്നെതിരെ ഇത്രയധികം ആധിപത്യം പുലർത്തിയ ഒരു മത്സരം എനിക്കിപ്പോൾ ഓർമ്മയിലൊന്നും കിട്ടുന്നില്ല. ഏഴു ഗോളുകൾക്ക് വിജയിച്ച മത്സരത്തേക്കാൾ കൂടുതൽ ആധിപത്യം ഈ മത്സരത്തിൽ ഞങ്ങൾ പുലർത്തിയിരുന്നു.എന്നിട്ടും സമനില വഴങ്ങേണ്ടിവന്നു.ഈ സമനില അവർക്ക് ആശ്വാസം നൽകുന്നതാണ്.പക്ഷേ ഞങ്ങൾ മുന്നോട്ടു പോവുകയാണ് വേണ്ടത്.ഞാൻ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മത്സരമാണ് ഇത്. യുണൈറ്റഡ് ഒരുപാട് പാഷനോട് കൂടി ഡിഫൻഡ് ചെയ്തു. ഞങ്ങൾ ഗോളടിച്ചുകൊണ്ട് മത്സരത്തിന്റെ ഗതി തന്നെ മാറ്റണമായിരുന്നു ” ഇതാണ് ലിവർപൂൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും സമനില വഴങ്ങിയതോടുകൂടി ഒന്നാം സ്ഥാനത്ത് തുടരാനുള്ള അവസരമാണ് ലിവർപൂൾ നഷ്ടപ്പെടുത്തി കളഞ്ഞത്. നിലവിൽ വമ്പൻമാരായ ആഴ്സണലാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. അടുത്ത ലീഗ് മത്സരത്തിൽ ആഴ്സണലാണ് ലിവർപൂളിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *