64 വർഷത്തിനുശേഷം ചരിത്രം കുറിക്കുമോ?ബാലൺഡി’ഓർ ഒരു സ്വപ്നമാണെന്ന് റോഡ്രി!
അടുത്തമാസം അവസാനത്തിലാണ് ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര ജേതാവിന് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കുക. തികച്ചും അപ്രവചനീയമായ ഒരു ബാലൺഡി’ഓറാണ് ഇത്തവണ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.വിനീഷ്യസ് ജൂനിയർക്ക് പലരും സാധ്യത കല്പിക്കുന്നത് പോലെ തന്നെ റോഡ്രിക്കും പലരും സാധ്യത കല്പിക്കുന്നുണ്ട്. അതേസമയം ബെല്ലിങ്ങ്ഹാം,കാർവ്വഹൽ,ലൗറ്ററോ എന്നിവരൊക്കെ ഇതിനുവേണ്ടി പോരാടാൻ സജീവമായി രംഗത്തുണ്ട്.ചുരുക്കത്തിൽ ആര് സ്വന്തമാക്കും എന്നുള്ളത് പ്രവചിക്കാൻ കഴിയാത്ത ഒരു കാര്യമാണ്.
എന്നാൽ റോഡ്രി സ്വന്തമാക്കുകയാണെങ്കിൽ അത് ചരിത്രത്തിന്റെ ഭാഗമായി തീരും. എന്തെന്നാൽ 64 വർഷമായി ഒരു സ്പാനിഷ് താരത്തിന് ബാലൺഡി’ഓർ ലഭിച്ചിട്ട്. 1960ൽ ലൂയിസ് സുവാരസാണ് അവസാനമായി ബാലൺഡി’ഓർ നേടിയ സ്പാനിഷ് താരം. അതിനുശേഷം ബാലൺഡി’ഓർ നേടുന്ന ആദ്യത്തെ സ്പാനിഷ് താരം എന്ന റെക്കോർഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.ബാലൺഡി’ഓർ നേടുക എന്നുള്ളത് ഒരു വലിയ സ്വപ്നമാണെന്ന് റോഡ്രി തന്നെ ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” തീർച്ചയായും ബാലൺഡി’ഓർ സ്വന്തമാക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അപ്പോൾ പല ആളുകളും ചോദിക്കും.ചാവിക്കും ഇനിയേസ്റ്റക്കും ലഭിക്കാത്ത ബാലൺഡി’ഓർ റോഡ്രിക്ക് കൊടുക്കാൻ പറ്റുക എന്ന്.അവർ രണ്ടുപേരും ചരിത്രത്തിൽ ഇടം നേടിയ താരങ്ങളാണ്. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ,ലയണൽ മെസ്സി എന്നിവരുടെ കാലഘട്ടത്തിലാണ് അവർ കളിച്ചത് എന്ന കാര്യം നമ്മൾ മറക്കാൻ പാടില്ല.ബാലൺഡി’ഓർ ലഭിച്ചു കഴിഞ്ഞാൽ അത് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം അഭിമാനകരമായ ഒരു കാര്യമായിരിക്കും. സ്പെയിനിന് വേണ്ടി അത് നേടാൻ ഞാൻ ആഗ്രഹിക്കുന്നു.ഏറെ വർഷങ്ങൾക്കു മുൻപ് സുവാരസാണ് അത് നേടിയിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ സ്പെയിനിന് സമീപകാലത്ത് ഒന്നും ബാലൺഡി’ഓർ ലഭിച്ചിട്ടില്ല എന്നുള്ളത് ഒരല്പം ഞെട്ടിപ്പിക്കുന്ന കാര്യം തന്നെയാണ് ” ഇതാണ് റോഡ്രി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനുവേണ്ടിയും ഗംഭീര പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് റോഡ്രി.സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് കിരീടം നേടിയ ഇദ്ദേഹം സ്പാനിഷ് ടീമിനോടൊപ്പം യൂറോകപ്പും സ്വന്തമാക്കിയിരുന്നു. കൂടാതെ യൂറോ കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതും റോഡ്രി തന്നെയായിരുന്നു. ഇതൊക്കെ തന്നെയും അദ്ദേഹത്തിന് മുൻതൂക്കം വർദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്.