39 വർഷത്തെ ഏറ്റവും മോശം തുടക്കവുമായി ആഴ്സണൽ, ആർട്ടെറ്റ പ്രതിസന്ധിയിൽ !

സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഗണ്ണേഴ്‌സ്‌ കാഴ്ച്ചവെക്കുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. പ്രീമിയർ ലീഗിൽ ഇന്നലെ ടോട്ടൻഹാമിനോട് കൂടി തോറ്റതോടെ ഈ സീസണിൽ ആറാമത്തെ തോൽവിയാണ് ആഴ്ണൽ ഏറ്റുവാങ്ങിയിരിക്കുന്നത്. ഇന്നലെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ടോട്ടൻഹാമിനോട് തോറ്റത്. ഹാരി കെയ്ൻ, ഹ്യൂങ് മിൻ സൺ എന്നിവരുടെ ഗോളിലാണ് ആഴ്സണൽ തോൽവി സമ്മതിച്ചത്.

ഇതോടെ പോയിന്റ് ടേബിളിൽ ഏറെ പിറകിലായി പോയിരിക്കുകയാണ് പീരങ്കിപ്പട. പതിനഞ്ചാം സ്ഥാനത്താണ് നിലവിൽ ആഴ്സണൽ നിലകൊള്ളുന്നത്. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് ആറു തോൽവിയും ഒരു സമനിലയും നാലു വിജയവും നേടി പതിമൂന്ന് പോയിന്റ് മാത്രമാണ് ആഴ്സണലിന്റെ സമ്പാദ്യം. ഈ ലീഗിൽ ടോട്ടൻഹാം, വോൾവ്‌സ്, ആസ്റ്റൺവില്ല, ലെസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരോടാണ് ഗണ്ണേഴ്‌സ്‌ പരാജയം രുചിച്ചത്.

ഇതോടെ മുപ്പത്തിയൊമ്പത് വർഷത്തെ ഏറ്റവും മോശം തുടക്കമാണ് ആർട്ടെറ്റയുടെ ഗണ്ണേഴ്‌സ്‌ നേടിയിരിക്കുന്നത്. 1981/82 സീസണിന് ശേഷം ഇതാദ്യമായാണ് പതിനൊന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇത്രയും കുറഞ്ഞ പോയിന്റുകൾ ആഴ്സണൽ കരസ്ഥമാക്കുന്നത്. എന്നാൽ ആ വർഷം പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയ ആഴ്സണൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിരുന്നത്. അതിന് ഇപ്രാവശ്യം ആർട്ടെറ്റക്ക്‌ സാധിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഇന്നലത്തെ മത്സരത്തിൽ സമ്പൂർണആധിപത്യം പുലർത്തിയത് ആഴ്സണൽ ആണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ ഗോളുകൾ നേടാൻ ഗണ്ണേഴ്സിന് സാധിച്ചില്ല.ഗോളടി ചുമതലയുള്ള ഓബമയാങ് രണ്ട് ഗോളുകൾ മാത്രമാണ് ഇതുവരെ നേടിയത്. എന്നാൽ ഇന്നലെ രണ്ട് മികച്ച കൌണ്ടർ അറ്റാക്കുകളിലൂടെ ഗോൾ നേടിക്കൊണ്ട് സ്പർസ് മത്സരം വരുതിയിലാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *