38 ആം വയസ്സിലും പ്രീമിയർ ലീഗിലെ മിന്നും താരം,സിൽവയുടെ കരാർ വീണ്ടും പുതുക്കി ചെൽസി!

2020ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ തിയാഗോ സിൽവ പിഎസ്ജി വിട്ടത്. താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്ജി തയ്യാറാവാതെ വന്നതോടുകൂടിയാണ് അദ്ദേഹം ക്ലബ്ബ് വിട്ടത്. പിന്നീട് ഒരു വർഷത്തെ കരാറിൽ സിൽവ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ എത്തുകയായിരുന്നു.

മികച്ച പ്രകടനം നടത്തിയതോടുകൂടി അദ്ദേഹത്തിന്റെ കരാർ പുതുക്കിക്കൊണ്ടേയിരുന്നു. ഇപ്പോഴിതാ സിൽവയുടെ കോൺട്രാക്ട് നാലാം വർഷത്തിലേക്ക് കടന്നിട്ടുണ്ട്.അതായത് വീണ്ടും ഒരു വർഷത്തേക്ക് കൂടി അദ്ദേഹത്തിന്റെ കരാർ ചെൽസി പുതുക്കുകയായിരുന്നു. 2024 ജൂൺ വരെ ഇനി തിയാഗോ സിൽവ ചെൽസിയിൽ ഉണ്ടാവും. 38 വയസ്സുകാരനായ സിൽവ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്.

അദ്ദേഹത്തിന്റെ കരാർ പുതുക്കാനായതിൽ ചെൽസി ഉടമയായ ടോഡ് ബോഹ്ലി ഇപ്പോൾ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. “തിയാഗോ സിൽവ ഒരു വേൾഡ് ക്ലാസ് ടാലന്റ് ആണ്. അദ്ദേഹത്തിന്റെ എക്സ്പീരിയൻസും ലീഡർഷിപ്പും ക്വാളിറ്റിയും ഒക്കെ ഞങ്ങൾക്ക് മുന്നോട്ടു പോകാൻ അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. അദ്ദേഹത്തോടൊപ്പം കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ” ബോഹ്ലി പറഞ്ഞു.

കരാർ പുതുക്കാൻ സാധിച്ചതിൽ ഈ ബ്രസീലിയൻ താരവും സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു വർഷത്തേക്ക് വന്ന താൻ നാലാം വർഷത്തിലേക്കാണ് കടക്കുന്നത് എന്നാണ് സിൽവ പറഞ്ഞിട്ടുള്ളത്. ചെൽസിയിൽ തുടരാൻ സാധിക്കുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *