18 കോവിഡ് കേസുകൾ, പ്രീമിയർ ലീഗ് ഗുരുതര പ്രതിസന്ധിയിലേക്ക് !

ഒരാഴ്ച്ചക്കിടെ പതിനെട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് പ്രീമിയർ ലീഗിൽ പ്രതിസന്ധിയുണ്ടാക്കുന്നു. ഇതാദ്യമായാണ് ഒരാഴ്ച്ചക്കിടെ പതിനെട്ടു പേർക്ക് കോവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. ഇക്കാര്യം വിവിധ ക്ലബുകളാണ് അറിയിച്ചത്. പുതുതായി ഷെഫീൽഡ് യുണൈറ്റഡിലെ ചില അംഗങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ താരങ്ങൾ എല്ലാം തന്നെ ഗവണ്മെന്റിന്റെയും പ്രീമിയർ ലീഗിന്റെയും നിർദേശങ്ങൾ അനുസരിച്ച് സെൽഫ് ഐസൊലേഷനിലാണ്. ഡിസംബർ 21-നും 27-നും ഇടയിൽ നടത്തിയ പരിശോധനയിലാണ് 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. താരങ്ങളെയും സ്റ്റാഫുമുൾപ്പടെ 1479 പേരെയാണ് പ്രീമിയർ ലീഗ് പരിശോധനക്ക്‌ വിധേയമാക്കിയിരുന്നത്.

ഇതോടെ സീസൺ തുടങ്ങിയത് മുതൽ കോവിഡ് സ്ഥിരീകരിച്ച ആളുകളുടെ എണ്ണം 131 ആയി. ആകെ പതിനേഴ് തവണയാണ് പ്രീമിയർ ലീഗ് ഇക്കാലയളവിൽ പരിശോധന നടത്തിയിട്ടുള്ളത്. ഇതിൽ നവംബർ ഒമ്പതിനും 15-നും ഇടയിൽ നടത്തിയ പരിശോധനയിലായിരുന്നു ഇതിന് മുമ്പ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. അന്ന് 16 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിരുന്നത്. ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തത് കോവിഡ് കേസുകൾ വർധിക്കാൻ കാരണമായിട്ടുണ്ട്. മാത്രമല്ല ജനിതകമാറ്റം സംഭവിച്ച കോവിഡ് രണ്ടാം വരവ് നടത്തുകയുമാണ്. മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ഗബ്രിയേൽ ജീസസ്, കെയിൽ വാൾക്കർ, ആഴ്സണൽ താരം ഗബ്രിയേൽ, സൗത്താപ്റ്റൺ പരിശീലകൻ ഹാസെൻഹട്ടിൽ എന്നിവരെല്ലാം കോവിഡിന്റെ പിടിയിലാണ്.മത്സരങ്ങൾ മാറ്റിവെച്ച് തുടങ്ങിയത് ആരാധകർക്ക്‌ നിരാശ പകരുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *