ഹീറോയായ ശേഷം കരഞ്ഞതെന്തിന്? റിച്ചാർലീസൺ പറയുന്നു!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസൺ എവെർടൺ വിട്ടുകൊണ്ട് ടോട്ടൻഹാമിൽ എത്തിയത്. ഇന്നലെ ഒളിമ്പിക് മാഴ്സെക്കെതിരെ ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കാനും റിച്ചാർലീസണ് കഴിഞ്ഞിരുന്നു. മാത്രമല്ല മത്സരത്തിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് ടീമിന്റെ ഹീറോയായി മാറിയതും റിച്ചാർലീസൺ തന്നെയായിരുന്നു. മത്സരശേഷം തന്റെ കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ച് കരയുന്ന റിച്ചാർലീസണിന്റെ രംഗങ്ങൾ ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ വൈറലാവുകയും ചെയ്തിരുന്നു.
ഏതായാലും എന്തുകൊണ്ടാണ് മത്സരശേഷം കരഞ്ഞത് എന്നുള്ളത് റിച്ചാർലീസൺ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ പിതാവിന്റെ സാന്നിധ്യമാണ് തന്നെ ഇമോഷണലാക്കിയത് എന്നാണ് ഈ ബ്രസീലിയൻ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.റിച്ചാർലീസണിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Richarlison and Richarlidad 🥺 pic.twitter.com/QtVJ7nWhLs
— GOAL (@goal) September 8, 2022
” എന്റെ പിതാവ് മത്സരം കാണാനുണ്ടായിരുന്നു. എന്റെ കരിയറിലുടനീളം അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നു.എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ന് ഈ പ്രകടനം വീക്ഷിക്കാൻ ഇവിടെയുണ്ടായി എന്നുള്ളത് എന്നെ വളരെയധികം ഇമോഷണലാക്കി.കാരണം എന്റെ കരിയറിന്റെ വിജയത്തിന്റെ ഭാഗമാണ് അദ്ദേഹം. ചാമ്പ്യൻസ് ലീഗ് ഗാനം കേട്ടപ്പോൾ ഞാൻ പുഞ്ചിരിക്കുകയാണ് ചെയ്തത്. അത് ചെറുപ്പം തൊട്ടേയുള്ള എന്റെ സ്വപ്നമായിരുന്നു. ചാമ്പ്യൻസ് ലീഗ് ഗാനം കേട്ടുകൊണ്ട് ഒരു മത്സരത്തിൽ കളിക്കാനിറങ്ങുക എന്നുള്ളത് എന്നെ വളരെയധികം ഇമോഷണലാക്കി.മാത്രമല്ല രണ്ട് ഗോളുകളും എനിക്ക് നേടാൻ കഴിഞ്ഞു ” ഇതാണ് റിച്ചാർലീസൺ പറഞ്ഞിട്ടുള്ളത്.
പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് വേണ്ടി ഇതുവരെ അക്കൗണ്ട് തുറക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ രണ്ട് അസിസ്റ്റുകൾ റിച്ചാർലീസൺ സ്വന്തമാക്കിയിട്ടുണ്ട്.