ഹാലന്റ് ഹെൻറിയെ പോലെ,ഡിഫന്റമാർ നാണം കെടുന്നതിനെ ഭയപ്പെടുന്നു : കാരഗർ

ഈ സീസണിൽ അത്ഭുതകരമായ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സൂപ്പർതാരം എർലിംഗ് ഹാലന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. 17 ഗോളുകളാണ് ഇപ്പോൾ തന്നെ താരം നേടിയിട്ടുള്ളത്. പ്രീമിയർ ലീഗിൽ 14 ഗോളുകൾ നേടിയ ഹാലന്റ് ബാക്കിയുള്ള താരങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. നിരവധി റെക്കോർഡുകൾ തകർക്കാൻ ഇപ്പോൾ തന്നെ ഈ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഏതായാലും ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ എർലിംഗ് ഹാലന്റിനെ പ്രശംസിച്ചിട്ടുണ്ട്.ആഴ്സണൽ ഇതിഹാസമായ തിയറി ഹെൻറിയെ പോലെയാണ് ഹാലന്റ് എന്നാണ് ഇദ്ദേഹം പറഞ്ഞത്.ഹാലന്റ് തങ്ങളെ നാണം കെടുത്തുമെന്ന് ഡിഫൻഡർമാർ ഭയപ്പെട്ട് തുടങ്ങുമെന്നും കാരഗർ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്നെ മാനസികമായി ബാധിച്ചിരുന്ന ഒരേയൊരു താരമേ ഉണ്ടായിരുന്നുള്ളൂ,അത് തിയറി ഹെൻറിയാണ്.അദ്ദേഹം ശരിക്കും എന്നെ ഭയപ്പെടുത്തിയിരുന്നു. അദ്ദേഹം കാരണം ഞാൻ നാണം കെടുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു.ശരിക്കും അങ്ങനെ ചിന്തിക്കുന്ന ഒരാളല്ല ഞാൻ. മറിച്ച് അത് ഹെൻറി എഫക്റ്റായിരുന്നു. ഇപ്പോൾ ഹാലന്റിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അദ്ദേഹത്തെ ഗോളടിക്കുന്നതിൽ നിന്നും തടയാൻ കഴിയുമോ? നാണം കെടാതിരുന്നാൽ മതിയായിരുന്നു എന്നൊക്കെയാണ് ഹാലന്റിന്റെ കാര്യത്തിൽ ഇനി ഡിഫൻഡർമാർ ചിന്തിക്കുക.ഹെൻറിയുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു.ഗോളടിച്ചാലും വേണ്ടില്ല, നാണം കെടാതെ ഇരുന്നാൽ മതിയായിരുന്നു എന്ന് ഡിഫൻഡർമാർ ചിന്തിക്കുന്ന ഒരു അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് ” കാരഗർ പറഞ്ഞു.

കഴിഞ്ഞ ഡെർബി മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നാണംകെടുത്താൻ ഹാലന്റിനും സംഘത്തിനും സാധിച്ചിരുന്നു.ആറ് ഗോളുകളായിരുന്നു മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് മത്സരത്തിൽ ഹാലന്റ് സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *