ഹാലന്റ് ഇത്രത്തോളം മികച്ചവനായിരുന്നുവെന്ന് എനിക്കറിയാമായിരുന്നില്ല : പെപ് ഗ്വാർഡിയോള
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയ സൂപ്പർതാരം എർലിംഗ് ഹാലന്റ് തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. പ്രീമിയർ ലീഗിൽ 17 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആകെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 15 മത്സരങ്ങൾ കളിച്ചതാരം 22 ഗോളുകളാണ് നേടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിലെയും പ്രീമിയർ ലീഗിലെയും ടോപ് സ്കോറർ ഹാലന്റ് തന്നെയാണ്.
ഇപ്പോഴിതാ ഹാലന്റിന്റെ കഴിവുകളിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്.ഹാലന്റ് ഇത്രത്തോളം മികച്ച താരമായിരുന്നുവെന്ന് തനിക്കറിയാമായിരുന്നില്ല എന്നാണ് പെപ് ഗ്വാർഡിയോള പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഹാലന്റിന്റെ കളത്തിന് പുറത്തുള്ള കാര്യങ്ങളെയും പെപ് ഗ്വാർഡിയോള പ്രശംസിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 25, 2022
” ഹാലന്റ് എത്രത്തോളം മികച്ച താരമായിരുന്നു എന്നുള്ളത് എനിക്കറിയില്ലായിരുന്നു.പ്രത്യേകിച്ച് ചെറിയ സ്പേസുകൾ ലഭിച്ചാൽ പോലും ബോക്സിലേക്ക് ഓടിക്കയറുന്ന കാര്യത്തിൽ. അദ്ദേഹം ബോക്സിനകത്തു വെച്ച് ഒരുപാട് ഗോളുകൾ നേടുന്നു. ഇത്തരം കാര്യങ്ങൾ ഒന്നും ഒരു സ്ട്രൈക്കർക്ക് എളുപ്പമുള്ളതല്ല. മാത്രമല്ല ട്രെയിനിങ് സെഷനിലേക്ക് ഏറ്റവും ആദ്യം എത്തുന്ന വ്യക്തിയും ഏറ്റവും അവസാനം പോകുന്ന വ്യക്തിയും ഹാലന്റ് തന്നെയാണ്.അദ്ദേഹം തന്റെ ശരീരത്തെ നന്നായി പരിപാലിക്കുന്നു. എങ്ങനെ പ്രൊഫഷണലായി ജീവിക്കാം എന്നുള്ളതിനെ കുറിച്ച് നല്ല ധാരണ അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹത്തിന് ചെറിയ പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.എന്നാൽ ഈ സീസണിൽ ഓരോ മൂന്നു ദിവസങ്ങൾക്കിടയിലും മത്സരം കളിക്കാൻ അദ്ദേഹം തയ്യാറാണ്. അതിന് ഞങ്ങളുടെ ഡോക്ടർമാരോട് നന്ദി പറയുന്നു ” പെപ് പറഞ്ഞു.
ഇനി മാഞ്ചസ്റ്റർ സിറ്റി ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ കളത്തിൽ ഇറങ്ങുന്നുണ്ട്.എർലിംഗ് ഹാലന്റിന്റെ മുൻ ക്ലബായ ബൊറൂസിയയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.