ഹാലന്റിന് റയലിലേക്ക് എത്താനുള്ള പ്രത്യേക ക്ലോസ് ഉണ്ടോ? പെപ് പറയുന്നു!

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം എർലിംഗ് ഹാലന്റിനെ 60 മില്യൺ യൂറോക്ക് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ഇപ്പോൾ തകർപ്പൻ പ്രകടനമാണ് ഹാലന്റ് പുറത്തെടുക്കുന്നത്. ഈ സീസണിൽ ഇപ്പോൾതന്നെ പത്തൊൻപത് ഗോളുകൾ താരം നേടിക്കഴിഞ്ഞു. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ടോപ്പ് സ്കോറർ ഹാലന്റ് തന്നെയാണ്.

അതേസമയം ഹാലൻഡിന്റെ കരാറുമായി ബന്ധപ്പെട്ട ചില വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിരുന്നു. അതായത് അഞ്ചുവർഷത്തെ കരാറിലാണ് ഹാലന്റ് സിറ്റിയുമായി ഒപ്പു വെച്ചിരിക്കുന്നത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞാൽ അഥവാ 2024ൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് 200 മില്യൺ യൂറോ നൽകിക്കഴിഞ്ഞാൽ താരത്തെ ടീമിൽ എത്തിക്കാം, അത്തരത്തിലുള്ള ഒരു ക്ലോസ് ഹാലന്റിന്റെ കരാറിൽ ഉണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ഈ വാർത്തയെ നിഷേധിച്ചു കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” ഏർലിങ് ഹാലന്റിന് റയൽ മാഡ്രിഡിലേക്ക് ജോയിൻ ചെയ്യാൻ ആവശ്യമായ യാതൊരുവിധ പ്രത്യേക തരം ക്ലോസുകളും ഇല്ല.അത്തരം വാർത്തകൾ ഒന്നും സത്യമല്ല. അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ വളരെയധികം സന്തോഷവാനാണ് എന്നാണ് എനിക്ക് തോന്നുന്നത് ” ഇതാണ് പെപ് ഗ്വാർഡിയോള പറഞ്ഞിട്ടുള്ളത്.

എന്തായാലും റയലിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച സ്ട്രൈക്കറെ അവർക്ക് ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ റയൽ മാഡ്രിഡ് ഭാവിയിൽ ഹാലന്റിന് വേണ്ടി ശ്രമിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *