ഹാലന്റിനെ പരിഹസിച്ച് മിനയും കോഡിയും, രൂക്ഷമായി വിമർശിച്ച് പെപ് ഗാർഡിയോള!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു സിറ്റി എവെർടണെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഗുണ്ടോഗൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗോളടി യന്ത്രമായ ഹാലന്റും ഈ മത്സരത്തിൽ ഒരു ഗോൾ കണ്ടെത്തിയിരുന്നു.

ഈ മത്സരത്തിനിടെ പലപ്പോഴും എവെർടൻ പ്രതിരോധനിര താരങ്ങളായ എറി മിനയും കോണോർ കോഡിയും ഹാലന്റിനെ പരിഹരിച്ചിരുന്നു. മൂക്ക് ചീറ്റുന്ന പോലെയുള്ള ഒരു ആംഗ്യമാണ് ഹാലന്റിനെതിരെ മിന നടത്തിയിരുന്നത്. മാത്രമല്ല കോഡിയും പലപ്പോഴും ഹാലന്റിനെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. മത്സരശേഷം ഇതിനെതിരെ രൂക്ഷമായ രൂപത്തിൽ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കളത്തിനകത്ത് വെച്ച് എതിർ താരങ്ങളുമായി എറി മിന ചെയ്യുന്ന പ്രവർത്തികൾ തീർത്തും അനാവശ്യമാണ്.എന്തൊക്കെയാണ് താൻ ചെയ്തുകൂട്ടിയത് എന്നുള്ളത് അദ്ദേഹത്തിന് കൃത്യമായി അറിയാം.അദ്ദേഹം ഒരു മികച്ച താരമാണ്. പക്ഷേ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ വളരെ അനാവശ്യവുമാണ്.കോഡിയെയും മിനയെയും ഞാൻ ബഹുമാനിക്കുന്നു. പക്ഷേ ഓരോ മത്സരത്തിലും അവർ ചെയ്യുന്ന കാര്യങ്ങൾ ഒട്ടും ശരിയല്ല. അതാണ് മത്സരത്തിനു ശേഷം ഞാൻ കോഡിയോട് നേരിട്ട് പോയി പറഞ്ഞത് ” പെപ് പറഞ്ഞു.

മത്സരത്തിനിടെ ഹാലന്റിനെ പലപ്പോഴും മിന തന്റെ നഖം ഉപയോഗിച്ച് മാന്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. കളിക്കളത്തിൽ ഇത് ആദ്യമായല്ല ഈ കൊളംബിയൻ ഡിഫൻഡർ ഇത്തരത്തിലുള്ള വിവാദങ്ങളിൽ പെടുന്നത്.അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഉൾപ്പെടെ ഉള്ളവരോട് ഇദ്ദേഹം വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *