ഹാലണ്ട് ഒരു ഭാരമായി തോന്നി, അതുകൊണ്ടാണ് ഒഴിവാക്കിയത് : ഡോർമുണ്ട് SD!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം എർലിംഗ് ഹാലണ്ട് ഡോർട്മുണ്ട് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയത്. താരത്തിനു വേണ്ടി കേവലം 51 മില്യൺ പൗണ്ട് മാത്രമാണ് മാഞ്ചസ്റ്റർ സിറ്റി ചിലവഴിച്ചിട്ടുള്ളത്. നിലവിൽ ഉജ്ജ്വല പ്രകടനമാണ് സിറ്റിയിൽ ഹാലണ്ട് കാഴ്ചവെക്കുന്നത്. ഇതിനോടകം തന്നെ 12 ഗോളുകൾ ഈ സീസണിൽ നേടാൻ ഹാലണ്ടിന് കഴിഞ്ഞിട്ടുണ്ട്.
ഏതായാലും താരത്തെ കൈവിട്ടതുമായി ബന്ധപ്പെട്ടു കൊണ്ട് ബോറൂസിയ ഡോർട്മുണ്ടിന്റെ സ്പോട്ടിംഗ് ഡയറക്ടറായ സെബാസ്റ്റ്യൻ കേൽ ചില കാര്യങ്ങൾ പങ്കു വച്ചിട്ടുണ്ട്. അതായത് ഹാലണ്ട് ക്ലബ്ബിന് ഒരു ഭാരമായി തോന്നിയെന്നും അതിനാലാണ് താരത്തെ വിറ്റത് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കേലിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 9, 2022
“ബോറൂസിയ ജേഴ്‌സിയിൽ അദ്ദേഹം ചെയ്ത കാര്യങ്ങളൊക്കെ ഞങ്ങൾ വിലമതിക്കുന്നുണ്ട്.പക്ഷേ അവസാനത്തിൽ അദ്ദേഹം ഞങ്ങൾക്ക് ഒരു ഭാരമായി മാറി. ഡ്രസ്സിംഗ് റൂമിലും ക്ലബ്ബിലും അദ്ദേഹം ഒരു ഭാരമാവുകയായിരുന്നു. ചുരുക്കത്തിൽ ക്ലബ്ബിന്റെ മൊത്തം പരിതസ്ഥിതിയും അദ്ദേഹത്തെ ചുറ്റിപ്പറ്റിയായി.അദ്ദേഹത്തെ വിൽക്കാൻ തീരുമാനിച്ച സമയം വളരെ ശരിയായ സമയം തന്നെയാണ്. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളവും സിറ്റിയെ സംബന്ധിച്ചിടത്തോളവും അങ്ങനെ തന്നെയാണ്. സത്യം എന്തെന്നാൽ ഈ സീസണിൽ ഞങ്ങൾ നേടിയ പത്ത് ഗോളുകൾ 10 വ്യത്യസ്ത താരങ്ങളാണ് നേടിയത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ തീരുമാനം ശരിയായിരുന്നു എന്നാണ് തെളിഞ്ഞിട്ടുള്ളത് ” ഇതാണ് കേൽ പറഞ്ഞിട്ടുള്ളത്.
ഈ ബുണ്ടസ്ലിഗയിൽ കളിച്ച 5 മത്സരങ്ങളിൽ നാലിലും വിജയിക്കാൻ ബൊറൂസിയക്ക് സാധിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിലും ബൊറൂസിയ വിജയം നേടിയിരുന്നു.