ഹാലണ്ടിനെ വേണം, താരത്തിന്റെ പിതാവിനെ ബന്ധപ്പെട്ട് റാൾഫ്!
ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ടാണ് ഇപ്പോൾ ട്രാൻസ്ഫർ ലോകത്തെ പ്രധാനചർച്ചാ വിഷയം. താരം ഈ സീസണിന് ശേഷം ബൊറൂസിയ വിടാൻ ശ്രമിക്കുമെന്നുള്ള കാര്യം അദ്ദേഹത്തിന്റെ ഏജന്റായ മിനോ റയോള തന്നെ അറിയിച്ചിരുന്നു.ഇതോടെ നിരവധി ക്ലബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.റയൽ,ബാഴ്‌സ,മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി,യുവന്റസ്,ചെൽസി,ലിവർപൂൾ എന്നിവർക്കൊക്കെ ഹാലണ്ടിൽ താല്പര്യമുണ്ട്.
ഇതിന് പുറമേ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തെ നോട്ടമിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൊണ്ട് മറ്റൊരു റിപ്പോർട്ട് കൂടി ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് എർലിങ് ഹാലണ്ടിന്റെ പിതാവിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ റാൾഫ് റാഗ്നിക്ക് ബന്ധപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്. മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.ഹാലണ്ടിന്റെ പിതാവായ അൽഫ് ഇങ്കേയും റാൾഫ് റാഗ്നിക്കും പരിചയക്കാരാണ് എന്നുള്ള കാര്യവും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.
Ralf Rangnick ‘in contact with Erling Haaland’s dad over £64m transfer'https://t.co/1Qlgun4qcK
— The Sun Football ⚽ (@TheSunFootball) December 23, 2021
മുമ്പ് ഹാലണ്ടിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ റാൾഫ് പങ്കുവെച്ചിരുന്നു. അതിങ്ങനെയാണ്. ” ഏത് രീതിയിലുള്ള താരമാണ് ഹാലണ്ട് എന്നുള്ള കാര്യം എനിക്കറിയാം.അദ്ദേഹം എത്രത്തോളം മികച്ച താരമാണ് എന്നുള്ളത് ഫുട്ബോൾ ലോകം ഒന്നടങ്കം തിരിച്ചറിഞ്ഞിട്ടുണ്ട്.പക്ഷേ ഇവിടെ ഞങ്ങൾക്ക് ഒരുപാട് മുന്നേറ്റനിര താരങ്ങളുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുറിച്ച് കൂടുതൽ സംസാരിക്കണോ എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ട്. എന്നിരുന്നാലും എർലിങ് ഹാലണ്ട് മികച്ച ഒരു സ്ട്രൈക്കറാണ്.എനിക്ക് ഹാലണ്ടിനെ നന്നായി അറിയാം.എന്തെന്നാൽ എനിക്ക് സാൽസ്ബർഗുമായി ബന്ധമുണ്ടായിരുന്നു ” ഇതായിരുന്നു റാൾഫ് മുമ്പ് പറഞ്ഞിരുന്നത്.
നിലവിൽ 75 മില്യൺ യൂറോയോളമാണ് താരത്തിന് വിലയിട്ടിയിരിക്കുന്നത്. പക്ഷേ വമ്പൻ ക്ലബുകൾ രംഗത്തുള്ളതിനാൽ താരത്തിന്റെ വില കുതിച്ചുയരുമെന്നുള്ള കാര്യത്തിൽ സംശയമില്ല.