ഹാലണ്ടിനെയൊന്നും ചോദ്യം ചെയ്യേണ്ട ഒരു കാര്യവുമില്ല: താരം സിറ്റിയിലും ഗോൾ മഴ പെയ്യിക്കുമെന്ന് ഉറപ്പ് നൽകി സഹതാരം!

ഈ സീസണിലായിരുന്നു സൂപ്പർതാരം എർലിംഗ് ഹാലണ്ട് ബൊറൂസിയ ഡോർട്മുണ്ട് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.ബയേണിനെതിരെ സിറ്റിക്ക് വേണ്ടി ഗോളടിച്ചുകൊണ്ട് തുടങ്ങാൻ ഹാലണ്ടിന് കഴിഞ്ഞിരുന്നു. എന്നാൽ കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിൽ ലിവർപൂളിനെതിരെ താരം തീർത്തും നിറം മങ്ങുകയായിരുന്നു. ഇതോടെ ഹാലണ്ടിന് പലയിടത്തുനിന്നും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു.

എന്നാൽ ഹാലണ്ടിന് ഇപ്പോൾ പിന്തുണ രേഖപ്പെടുത്തിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ ഇൽകെയ് ഗുണ്ടോഗൻ രംഗത്ത് വന്നിട്ടുണ്ട്.ഹാലണ്ടിനെയൊന്നും ചോദ്യം ചെയ്യേണ്ട ഒരു കാര്യവുമില്ലെന്നും അദ്ദേഹം ഒരുപാട് ഗോളുകൾ നേടുമെന്നുമാണ് ഗുണ്ടോഗൻ പറഞ്ഞിട്ടുള്ളത്.ഹാലണ്ടിന് ഈ സീസണിൽ സിറ്റിയിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുമോ എന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഗുണ്ടോഗൻ. അദ്ദേഹം ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.

“എർലിംഗ് ഹാലണ്ടിനെ ചോദ്യം ചെയ്യേണ്ട യാതൊരുവിധ കാര്യവുമില്ല.അദ്ദേഹത്തിന്റെ ആത്മാർത്ഥതയും ഗോൾ നേടാനുള്ള ആഗ്രഹവും കൊണ്ട് അദ്ദേഹം ഈ സീസണിൽ ഒരുപാട് വിജയങ്ങൾ ഞങ്ങൾക്ക് നേടിത്തരും ” ഇതാണ് ഗുണ്ടോഗൻ പറഞ്ഞിട്ടുള്ളത്.

ബൊറൂസിയക്ക് വേണ്ടി 89 മത്സരങ്ങളിൽ നിന്ന് 86 ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ആ മികവ് പ്രീമിയർ ലീഗിൽ പുറത്തെടുക്കാൻ താരത്തിന് കഴിയില്ല എന്നാണ് പലരും വാദിക്കുന്നത്.

അതേസമയം ഹാലണ്ട് പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യ റൗണ്ട് പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡാണ് സിറ്റിയുടെ എതിരാളികൾ.ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 9 മണിക്കാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ ഹാലണ്ട് കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *