ഹാട്രിക്കുമായി ഹാലന്റും ഫോഡനും,ഇത്തിഹാദിൽ ഗോൾമഴ, തകർന്നടിഞ്ഞ് യുണൈറ്റഡ്!

ഒരല്പം മുമ്പ് നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാണംകെട്ട തോൽവി. മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തം മൈതാനത്ത് കശാപ്പ് ചെയ്തത്.അക്ഷരാർത്ഥത്തിൽ ഇത്തിഹാദിൽ ഗോൾമഴ പെയ്യുകയായിരുന്നു. ഹാട്രിക് നേടിയ സൂപ്പർതാരങ്ങളായ ഹാലന്റും ഫോഡനുമാണ് സിറ്റിക്ക് ഈ വിജയം സമ്മാനിച്ചത്.ആന്റണി,മാർഷ്യൽ (2) എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.

ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ നേടിക്കൊണ്ട് സിറ്റി വിജയം ഉറപ്പിച്ചിരുന്നു. എട്ടാം മിനിറ്റിൽ സിൽവയുടെ അസിസ്റ്റിൽ നിന്നാണ് ഫോഡൻ ഗോൾ കണ്ടെത്തിയത്.34ആം മിനുട്ടിൽ ഡി ബ്രൂയിനയുടെ കോർണറിൽ നിന്നും ഹാലന്റ് ഹെഡറിലൂടെ ഗോൾ നേടി.37ആം മിനുട്ടിൽ ഡി ബ്രൂയിനയുടെ അസിസ്റ്റിൽ നിന്ന് ഹാലന്റ് വീണ്ടും വലകുലുക്കി.44ആം മിനുട്ടിൽ ഹാലന്റിന്റെ അസിസ്റ്റിൽ നിന്നും ഫോഡൻ ഗോൾ നേടി. ആദ്യപകുതിയിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് സിറ്റി മുന്നിട്ടുനിന്നു.

56ആം മിനിറ്റിൽ ബ്രസീലിയൻ സൂപ്പർതാരമായ ആന്റണി മനോഹരമായ ഒരു ഗോൾ നേടി. എന്നാൽ 64 ആം മിനിറ്റിൽ ഗോമസിന്റെ അസിസ്റ്റിൽ നിന്നും ഹാലന്റ് ഹാട്രിക് നേടി. തൊട്ടു പിന്നാലെ 73ആം മിനിറ്റിൽ ഹാലന്റിന്റെ അസിസ്റ്റൽ നിന്നും ഫോഡനും ഹാട്രിക്ക് പൂർത്തിയാക്കി. എന്നാൽ യുണൈറ്റഡിന് വേണ്ടി പകരക്കാരനായി ഇറങ്ങിയ മാർഷ്യൽ രണ്ട് ഗോളുകൾ നേടുകയായിരുന്നു. ഒന്ന് ഹെഡറിലൂടെയും ഒന്ന് പെനാൽറ്റിലൂടെയുമാണ് മാർഷ്യൽ നേടിയത്.ഇതോടെ മത്സരം 6-3 ന് അവസാനിക്കുകയായിരുന്നു.

നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് ഉള്ള സിറ്റി രണ്ടാം സ്ഥാനത്താണ്. 7 മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് ഉള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *