സ്നേഹവും പിന്തുണയുമുള്ള സ്ഥലത്തെത്തി, ഇനി കൂട്ടിഞ്ഞോയുടെ കാലം : ഇംഗ്ലീഷ് ഇതിഹാസം
ആസ്റ്റൺ വില്ലക്കായുള്ള തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കാൻ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടിഞ്ഞോക്ക് കഴിഞ്ഞിരുന്നു. കൂട്ടിഞ്ഞോ പകരക്കാരനായി ഇറങ്ങുമ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വില്ല യുണൈറ്റഡിനോട് പിറകിലായിരുന്നു. പിന്നീട് ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് കൂട്ടിഞ്ഞോ ആസ്റ്റൺ വില്ലക്ക് സമനില നേടികൊടുക്കുകയായിരുന്നു.
ഏതായാലും താരത്തിന്റെ പ്രകടനത്തെ മുൻ ഇംഗ്ലീഷ് ഇതിഹാസമായ ഗാരി ലിനേക്കർ പ്രശംസിച്ചിട്ടുണ്ട്.അവിശ്വസനീയമായ കാര്യമാണ് കൂട്ടിഞ്ഞോ ചെയ്തത് എന്നാണ് ലിനേക്കർ കുറിച്ചത്. കൂട്ടിഞ്ഞോ സ്നേഹവും പിന്തുണയും ലഭിക്കുന്ന സ്ഥലത്തെത്തിയെന്നും ഇനി ഒരുപാട് ഗോളുകളും അസിസ്റ്റുകളും കൂട്ടിഞ്ഞോ നേടുമെന്നുള്ള കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. ലിനേക്കറുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 16, 2022
“അവിശ്വസനീയമായ കാര്യമാണ് കൂട്ടിഞ്ഞോ ചെയ്തത്.അവൻ കളത്തിലേക്ക് വന്നു കൊണ്ട് ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.നിങ്ങക്കൊരിക്കലും നിങ്ങളുടെ ടാലെന്റ് നഷ്ടപ്പെടില്ല എന്നാണ് കൂട്ടിഞ്ഞോ കാണിച്ചുതരുന്നത്.സ്നേഹവും പിന്തുണയും പുഞ്ചിരിയും ഫുട്ബോൾ ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലവുമായിരുന്നു കൂട്ടിഞ്ഞോക്ക് ആവിശ്യം.അദ്ദേഹം ഇപ്പോൾ അവിടെ എത്തിയിരിക്കുന്നു.സ്വയം ആസ്വദിക്കാൻ കഴിയാത്ത, പോസിറ്റീവ് അല്ലാത്ത ഒരു സ്ഥലത്താണ് നിങ്ങൾ ഉള്ളതെങ്കിൽ മികച്ച പ്രകടനം നടത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവും.കൂട്ടിഞ്ഞോക്ക് 29 വയസ്സാണ്. പല നേട്ടങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.ഇപ്പോഴും കളിക്കാനും സംഭാവനകൾ ചെയ്യാനും അതിയായി ആഗ്രഹിക്കുന്ന ഒരു താരമാണ് അദ്ദേഹം.അദ്ദേഹം ടീമിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞാൽ കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമില്ല” ഇതാണ് ലിനേക്കർ അറിയിച്ചിട്ടുള്ളത്.
നിലവിൽ 23 പോയിന്റുള്ള ആസ്റ്റൺ വില്ല 13-ആം സ്ഥാനത്താണ്.അതേസമയം യുണൈറ്റഡ് ഏഴാമത് തന്നെ തുടരുകയാണ്.