സ്ഥലം പാഴാക്കുന്ന ക്ലബ് മാത്രമാണ് യുണൈറ്റഡ്: വലിയ വിമർശനവുമായി ഗാരി നെവില്ലേ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന ചിരവൈരികളുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർന്നടിഞ്ഞിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിവർപൂൾ ആൻഫീൽഡിൽ വെച്ച് യുണൈറ്റഡിനെ തകർത്തു വിട്ടത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ സൂപ്പർ താരം മുഹമ്മദ് സലായാണ് ലിവർപൂളിന്റെ വിജയശിൽപ്പി.സാഡിയോ മാനെ,ലൂയിസ് ഡിയാസ് എന്നിവരാണ് ലിവർപൂളിന്റെ ശേഷിച്ച ഗോളുകൾ കരസ്ഥമാക്കിയത്.
ഏതായാലും തോൽവിയിൽ മനം നൊന്ത യുണൈറ്റഡ് ഇതിഹാസമായ ഗാരി നെവില്ലെ ക്ലബ്ബിനെ വിമർശനങ്ങൾക്ക് ഇരയാക്കിയിട്ടുണ്ട്.സ്ഥലം പാഴാക്കുന്ന കേവലമൊരു ക്ലബ്ബ് മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നാണ് നെവില്ലെ പറഞ്ഞിട്ടുള്ളത്.മത്സരത്തെ കുറിച്ച് സ്കൈ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നെവില്ലെയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 20, 2022
” കഴിഞ്ഞ സീസണിന്റെ അവസാനത്തോട് കൂടി യുണൈറ്റഡിൽ എനിക്ക് പ്രതീക്ഷകൾ ഉണ്ടായിരുന്നു.എന്നാൽ ഇന്നത്തെ തോൽവിയോടെ എല്ലാം അവസാനിച്ചു. വരുന്ന സീസണുകൾക്കൊക്കെ ഇതൊരു മുന്നറിയിപ്പാണ്. കഴിഞ്ഞ 42 വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിനെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ.ഇക്കാലയളവിൽ യുണൈറ്റഡിന്റെ ഏറ്റവും മോശം സമയമാണ്. കേവലം സ്ഥലം പാഴാക്കുന്ന ഒരു ക്ലബ്ബ് മാത്രമാണ് നിലവിൽ യുണൈറ്റഡ്.ഡിഹിയക്ക് മുന്നിൽ എല്ലാവരും പ്രതീക്ഷയറ്റവരാണ്.ഈ ടീം ഒന്നുമല്ല. അവർ പുതിയ പരിശീലകന് പിന്നിൽ ഒളിക്കുന്നു. പഴയവരെ കുറ്റപ്പെടുത്തുന്നു. ഓരോ ന്യായീകരണങ്ങൾ പറയുന്ന മെന്റാലിറ്റിയാണ് നിലവിൽ ക്ലബ്ബിനുള്ളത് ” ഇതാണ് നെവില്ലെ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ലിവർപൂൾ ആകെ 9 ഗോളുകളാണ് യുണൈറ്റഡിനെതിരെ നേടിയിട്ടുള്ളത്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ കേവലം ഒരു വിജയം മാത്രമാണ് യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്.