സുവാരസ് തിരികെ പ്രീമിയർ ലീഗിലേക്ക്?
അത്ലറ്റിക്കോ മാഡ്രിഡിന്റെ ഉറുഗ്വൻ സൂപ്പർ താരമായ ലൂയിസ് സുവാരസിന്റെ ക്ലബുമായുള്ള കരാർ ഈ സീസണോടുകൂടിയാണ് അവസാനിക്കുക. ഈ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുവാരസ് വരുന്ന സമ്മറിൽ ക്ലബ് വിടുകയാണ് എന്നുള്ള കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം സ്വന്തം മൈതാനത്ത് ലൂയിസ് സുവാരസിന് അത്ലറ്റിക്കോ മാഡ്രിഡ് യാത്രയപ്പ് നൽകുകയും ചെയ്തിരുന്നു.
ഏതായാലും സുവാരസ് ഇനി ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നുള്ളത് അവ്യക്തമായ ഒരു കാര്യമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു റൂമർ പ്രമുഖ മാധ്യമമായ ഫിഷാജസ് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. അതായത് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് സുവാരസിൽ താൽപര്യമുണ്ട് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) May 16, 2022
ആസ്റ്റൻ വില്ലയുടെ നിലവിലെ പരിശീലകനായ സ്റ്റീവൻ ജെറാർഡ് മുമ്പ് ലിവർപൂളിൽ സുവാരസിനൊപ്പം കളിച്ചിട്ടുണ്ട്. ഇതുപോലെതന്നെ സഹതാരമായിരുന്ന ഫിലിപ്പെ കൂട്ടിഞ്ഞോയെ ജെറാർഡ് സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു.ലൂയിസ് സുവാരസിന് ഇപ്പോഴും ടീമിനെ സഹായിക്കാൻ കഴിയുമെന്നാണ് ജെറാർഡ് വിശ്വസിക്കുന്നത്.എന്നാൽ ഇന്റർ മിലാൻ,സെവിയ്യ എന്നിവർക്കും സുവാരസിൽ താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ ആസ്റ്റൻ വില്ലക്ക് കാര്യങ്ങൾ എളുപ്പമാവില്ല.
മുമ്പ് ലിവർപൂളിന് വേണ്ടി പ്രീമിയർ ലീഗിൽ കളിച്ചിട്ടുള്ള താരമാണ് സുവാരസ്. തകർപ്പൻ പ്രകടനമായിരുന്നു അന്ന് സുവാരസ് പ്രീമിയർ ലീഗിൽ പുറത്തെടുത്തിരുന്നത്. അതുകൊണ്ടുതന്നെ പ്രീമിയർലീഗ് എന്നുള്ളത് സുവാരസിന് പുതിയ അനുഭവമല്ല. പക്ഷേ പ്രായവും പരിക്കുകളും അദ്ദേഹത്തിന് തടസ്സമാണ് എന്നുള്ളതാണ് യാഥാർത്ഥ്യം.