സീസൺ തുടങ്ങും മുമ്പേ യുണൈറ്റഡിന് തിരിച്ചടി, രണ്ട് സൂപ്പർ താരങ്ങൾക്ക് പരിക്ക്
ഇന്നലെ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ആഴ്സണലിനോട് പരാജയപ്പെട്ടത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി റാസ്മസ് ഹൊയ്ലുണ്ട് ഗോൾ നേടിയിരുന്നു. എന്നാൽ മത്സരത്തിന്റെ 26ആം മിനിട്ടിൽ ഗബ്രിയേൽ ജീസസ് ആഴ്സണലിന് സമനില നേടിക്കൊടുത്തു. പിന്നീട് 81ആം മിനിറ്റിൽ മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഗോളിൽ ആഴ്സണൽ വിജയം സ്വന്തമാക്കുകയായിരുന്നു.
എന്നാൽ ഈ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ചത് സൂപ്പർ താരങ്ങളുടെ പരിക്കാണ്.രണ്ട് യുവതാരങ്ങൾക്കാണ് പരിക്ക് കാരണം കളം വിടേണ്ടിവന്നത്. മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ തന്നെ സ്ട്രൈക്കർ ഹൊയ്ലുണ്ടിന് പരിക്കേറ്റു.മസിൽ ഇഞ്ചുറിയാണ് താരത്തെ പിടികൂടിയിട്ടുള്ളത്.തുടർന്ന് കളത്തിൽ നിന്നും താരം പിൻവാങ്ങുകയായിരുന്നു. പിന്നീട് 35ആം മിനുട്ടിലാണ് പ്രതിരോധനിര താരമായ ലെനി യോറോക്ക് പരിക്കേൽക്കുന്നത്.അദ്ദേഹം മുടന്തി കൊണ്ടാണ് കളിക്കളം വിട്ടത്. ഈ രണ്ട് താരങ്ങളുടെയും പരിക്ക് യുണൈറ്റഡിനെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. പരിക്കുകളെ കുറിച്ച് ചില കാര്യങ്ങൾ പരിശീലകനായ ടെൻഹാഗ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഈ ഫിക്സ്ച്ചർ, താരങ്ങൾക്ക് നേരിടേണ്ടി വരുന്ന ലോഡ് വളരെയധികം ഉയർന്നതാണ്.പരിക്കുകൾ കൊണ്ട് ബുദ്ധിമുട്ടുന്ന ടീം ഞങ്ങൾ മാത്രമല്ല. പ്രീമിയർ ലീഗിലെ പല ടീമുകൾക്കും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നുണ്ട്.താരങ്ങളിലുള്ള സമ്മർദ്ദം വളരെയധികം ഉയർന്നതാണ്. യൂറോപ്പിലെ ഈ പുതിയ ഫോർമാറ്റ് കാരണമാണ് ഇത്രയധികം പരിക്കുകൾ വരുന്നത്. അത് ഇനിയും തുടർന്നേക്കാം ” ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പ്രീ സീസണിൽ മൂന്ന് മത്സരങ്ങൾ യുണൈറ്റഡ് കളിച്ചു കഴിഞ്ഞു.അതിൽ രണ്ടു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇനി അടുത്ത മത്സരത്തിൽ റയൽ ബെറ്റിസാണ് അവരുടെ എതിരാളികൾ.അതിനുശേഷം ലിവർപൂളിനെ നേരിടും. അതിനുശേഷം ആണ് കമ്മ്യൂണിസ്റ്റ് ഷീൽഡ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ഏറ്റുമുട്ടുക.