സിൽവയെ സ്വന്തമാക്കണം, രണ്ട് സൂപ്പർ താരങ്ങളെ സിറ്റിക്ക് ഓഫർ ചെയ്ത് പിഎസ്ജി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവ. 28 കാരനായ താരത്തിന്റെ സിറ്റിയുമായുള്ള കോൺട്രാക്ട് അടുത്ത വർഷമാണ് അവസാനിക്കുക. ഈ കരാർ പുതുക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താല്പര്യമുണ്ട്. എന്നാൽ ഇതുവരെ പുതിയ കരാറിൽ ഒപ്പുവെക്കാൻ സിൽവ സമ്മതിച്ചിട്ടില്ല.

അതിനർത്ഥം അദ്ദേഹത്തിന് ക്ലബ്ബ് വിടാൻ താല്പര്യമുണ്ട് എന്ന് തന്നെയാണ്.പിഎസ്ജിക്ക് പുറമേ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയും താരത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. സാമ്പത്തികപരമായ ബുദ്ധിമുട്ടുകളാണ് ബാഴ്സക്ക് തടസ്സമായ നിലകൊള്ളുന്നത്.അതേസമയം എങ്ങനെയെങ്കിലും താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിലാണ് നിലവിൽ പിഎസ്ജിയുള്ളത്.ഒരു സ്വാപ് ഡീലിന് വേണ്ടിയുള്ള ശ്രമം ഈയിടെ പിഎസ്ജി നടത്തിയിരുന്നു.

അതായത് സിറ്റിക്ക് രണ്ട് താരങ്ങളെയായിരുന്നു പിഎസ്ജി ഓഫർ ചെയ്തിരുന്നത്.മിഡ്‌ഫീൽഡർ മാർക്കോ വെറാറ്റി, ഗോൾകീപ്പർ ജിയാൻ ലൂയിജി ഡോണ്ണാരുമ എന്നിവരെയായിരുന്നു പിഎസ്ജി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റി ഈ ഓഫർ നിരസിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമമായ ഫൂട്ട് മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

താരത്തെ നിലനിർത്താൻ തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ മൂന്ന് കിരീടങ്ങൾ സിറ്റി സ്വന്തമാക്കിയപ്പോൾ അതിൽ വലിയ പങ്കുവഹിച്ച താരമാണ് സിൽവ. പ്രീമിയർ ലീഗിൽ 34 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകളും 5 അസിസ്റ്റുകളും കഴിഞ്ഞ സീസണിൽ നേടിയിരുന്നു. 2017ലായിരുന്നു മൊണാക്കോയിൽ നിന്നും സില്‍വ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. താരത്തിന് സൗദി അറേബ്യയിൽ നിന്നും ഓഫറുകൾ ഉണ്ടെങ്കിലും അത് താരം പരിഗണിച്ചേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *