സിറ്റിയെ തോൽപ്പിക്കാൻ ടെൻ ഹാഗ് ചെയ്യേണ്ട ചില കാര്യങ്ങൾ!

ഒരിടവേളക്കുശേഷം ക്ലബ്ബ് ഫുട്ബോൾ വീണ്ടും സജീവമാകുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് മാഞ്ചസ്റ്റർ ഡെർബി പോരാട്ടത്തിലേക്കാണ്. ഞായറാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 6:30നാണ് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടുന്നത്.ഇത്തിഹാദിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.

ഈ സമീപകാലത്തൊന്നും മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ സിറ്റിയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ ടെൻ ഹാഗിന് വലിയ ഒരു മുതൽക്കൂട്ടാവും.സിറ്റിയെ കീഴടക്കാൻ ടെൻഹാഗ് ചെയ്യേണ്ട ചില കാര്യങ്ങൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം വിലയിരുത്തിയിട്ടുണ്ട്. നമുക്ക് അതൊന്നു പരിശോധിക്കാം.

ഏറ്റവും പ്രധാനപ്പെട്ട കാര്യം സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,ഹാരി മഗ്വയ്ർ എന്നിവരെ പുറത്തിരുത്തുക എന്നാണ് ഗോൾ പറയുന്നത്. തുടക്കത്തിലെ മോശം പ്രകടനം കാരണമായിരുന്നു ടെൻ ഹാഗ് ഈ രണ്ടു താരങ്ങളെയും പുറത്തിരുത്താൻ തുടങ്ങിയത്. പിന്നീട് പ്രീമിയർ ലീഗിൽ മികച്ച പ്രകടനമാണ് യുണൈറ്റഡ് നടത്തിയത്.

മഗ്വയ്ർക്ക് പകരം ലിസാൻഡ്രോ മാർട്ടിനെസ്സ് – റാഫേൽ വരാനെ സഖ്യം ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്.അത് അങ്ങനെ തുടരേണ്ടതുണ്ട്. മാത്രമല്ല റൊണാൾഡോയുടെ സ്ഥാനത്ത് റാഷ്ഫോർഡ് മികച്ച പ്രകടനം നടത്തുന്നുണ്ട്. പ്രീമിയർ ലീഗിൽ 5 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ റാഷ്ഫോർഡിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ റൊണാൾഡോയെയും മഗ്വയ്റിനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തണ്ട എന്നാണ് ഗോൾ പറയുന്നത്.

മറ്റൊരു കാര്യം കിട്ടിയ അവസരങ്ങൾ മുതലെടുക്കുക എന്നുള്ളതാണ്. കൂടുതൽ കൗണ്ടർ അറ്റാക്കുകള്‍ നടത്തണം.സാഞ്ചോ,റാഷ്ഫോർഡ്,ആന്റണി,ബ്രുണോ,എറിക്സൺ എന്നിവരൊക്കെയാണ് ഈ കാര്യത്തിൽ നിർണായകമാവുക.

മറ്റൊന്ന് സിറ്റി സൂപ്പർ താരങ്ങളായ എർലിംഗ് ഹാലന്റ്,കെവിൻ ഡി ബ്രൂയിന എന്നിവരെ പൂട്ടുക എന്നുള്ളതാണ്.ഹാലന്റിനെ തടയേണ്ട ചുമതല ലിസാൻഡ്രോ മാർട്ടിനസിനായിരിക്കും. അതേസമയം ഡി ബ്രൂയിന തടയുക എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. ടീം ഒന്നടങ്കം താരത്തെ ശ്രദ്ധിക്കേണ്ടി വന്നേക്കും. പരിചയസമ്പന്നനായ കാസമിറോ ഉണ്ടെങ്കിൽ അത് യുണൈറ്റഡിന് ഉപകാരമായേക്കും.

സിറ്റിയെ തോൽപ്പിക്കുക എന്നുള്ളത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷേ അവരുടെ മൈതാനത്ത് അവരെ തോൽപ്പിക്കാൻ കഴിഞ്ഞാൽ അത് ബാക്കിയുള്ള മത്സരങ്ങളിൽ യുണൈറ്റഡ് വലിയ ആത്മവിശ്വാസം നൽകുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *