സിറ്റിയെ ട്രെബിൾ നേടുന്നതിൽ നിന്നും തടയും : ഫൈനലിനെ കുറിച്ച് ടെൻ ഹാഗ്.
ഇന്നലെ എഫ്എ കപ്പിൽ നടന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ബ്രൈറ്റണെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. നിശ്ചിത സമയത്തും അധികസമയത്തും ഗോൾ രഹിത സമനിലയായതോടുകൂടി മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് യുണൈറ്റഡ് വിജയിച്ചത്. ഫൈനലിൽ നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെയാണ് യുണൈറ്റഡ് നേരിടുക.
മാഞ്ചസ്റ്റർ സിറ്റിക്ക് ഇത്തവണ ട്രെബിൾ കിരീട നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്.എന്നാൽ സിറ്റിക്ക് എഫ്എ കപ്പ് കിരീടം ലഭിക്കുന്നതിൽ നിന്നും തടയാൻ പരമാവധി ശ്രമിക്കും എന്നുള്ള ഉറപ്പ് ടെൻ ഹാഗ് ആരാധകർക്ക് നൽകിക്കഴിഞ്ഞു. ഇന്നലത്തെ മത്സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുണൈറ്റഡ് പരിശീലകൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
How Erik ten Hag reacted to that incredible winning penalty 🤩#EmiratesFACup pic.twitter.com/dT3s9lFxED
— Emirates FA Cup (@EmiratesFACup) April 23, 2023
“ഫൈനലിനെ കുറിച്ചുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ വികാരം എനിക്ക് മനസ്സിലാവും. അവരെ കിരീടം നേടുന്നതിൽ നിന്നും തടയാൻ വേണ്ട എല്ലാം ഞങ്ങൾ ചെയ്യും. 100% ന് മേൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഞങ്ങൾക്ക് അവരെ തോൽപ്പിക്കാൻ കഴിയും എന്നുള്ളത് ഈ സീസണിൽ ഞങ്ങൾ ഒരു തവണ തെളിയിച്ചതാണ്. പക്ഷേ ഞങ്ങൾ ഒരു പെർഫെക്റ്റ് മത്സരം കളിക്കേണ്ടതുണ്ട്. ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വരാനിരിക്കുന്ന മത്സരങ്ങളിലാണ്. പ്രീമിയർ ലീഗിൽ ടോപ്പ് ഫോറിൽ ഞങ്ങൾക്ക് ഫിനിഷ് ചെയ്യേണ്ടതുണ്ട് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ രണ്ട് തവണയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടിയിട്ടുള്ളത്. മൂന്നിനെതിരെ ആറ് ഗോളുകൾക്ക് ഇത്തിഹാദിൽ വെച്ച് വിജയിക്കാൻ സിറ്റിക്ക് കഴിഞ്ഞിരുന്നു. പക്ഷേ ഓൾഡ് ട്രഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് യുണൈറ്റഡ് സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.