സിറ്റിയുടെ 600 ഗോൾ നേടിയ വണ്ടർകിഡ് യുണൈറ്റഡിലേക്ക്?

മാഞ്ചെസ്റ്റർ സിറ്റിയിൽ നിന്ന് വൈരികളായ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് ഒരു യുവപ്രതിഭ ചേക്കേറിയേക്കും.സാധാരണഗതിയിൽ നേരിട്ട് ഇത്തരം ട്രാൻസ്ഫറുകൾ കുറവാണെങ്കിലും ഈ വണ്ടർകിഡിനെ വിട്ടുകളയാൻ യുണൈറ്റഡ് തയ്യാറായേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.പതിനാറ് വയസ്സുകാരനായ ചാർലി മക്നെയിലാണ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്സിയിൽ പന്തു തട്ടാൻ പദ്ധതി ഇട്ടിരിക്കുന്നത്. ആറു വർഷത്തെ കാലയളവിന് ശേഷമാണ് ചാർലി മാഞ്ചസ്റ്റർ സിറ്റി വിടുന്നത്. കൗതുകകരമായ കാര്യം ഈ ആറു വർഷത്തിനിടെ വിവിധ മത്സരങ്ങളിലായി താരം അടിച്ചു കൂട്ടിയത് അറുന്നൂറോളം ഗോളുകളാണ്. പത്താം വയസ്സിൽ സിറ്റിയിൽ എത്തിയ താരം പിന്നീട് സിറ്റിയുടെ യൂത്ത് ടീമുകളിൽ സ്ഥിരസാന്നിധ്യമാവുകയായിരുന്നു. ഈ പ്രതിഭയെയാണ് യുണൈറ്റഡ് ഇപ്പോൾ റാഞ്ചാനൊരുങ്ങുന്നത്. ക്ലബ്‌ വിടുന്ന കാര്യം മക്നെയിൽ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. യുണൈറ്റഡും താരവും അനൗദ്യോഗിക പ്രൊഫഷണൽ കരാറിൽ ഏർപ്പെട്ടതായി ഡെയിലി മെയിൽ പറയുന്നുണ്ട്.

” കഴിഞ്ഞ ആറു വർഷത്തിനിടെ മാഞ്ചസ്റ്റർ സിറ്റി എനിക്ക് ചെയ്തു തന്ന എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഒട്ടേറെ മികച്ച താരങ്ങളോടൊപ്പം അവിടെ കളിക്കാനായതിൽ ഞാൻ ഏറെ സന്തോഷവാനാണ്. എല്ലാവർക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു ” മക്നെയിൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.സിറ്റിയുമായി കരാർ പുതുക്കാൻ മക്നെയിൽ തയ്യാറാവാതെ ഇരിക്കുകയായിരുന്നു.ഇതോടെ താരം ക്ലബ് വിടുമെന്നുറപ്പായി. എന്നാലിത് മാഞ്ചസ്റ്റർ സിറ്റിക്ക് ഒട്ടും തൃപ്തി നൽകാത്ത ഒന്നാണ് എന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത്. പെപ് ഗ്വാർഡിയോളയുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു ചാർലി എന്നും ഭാവി താരത്തെ കൈവിടാൻ സിറ്റിക്ക് താല്പര്യമില്ലായിരുന്നു എന്നും മാർക്ക പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *