സാനെക്ക് പകരക്കാരനെത്തുമോ? പെപ് ഗ്വാർഡിയോള പറയുന്നു

ഈ സീസണിൽ ക്ലബ്‌ വിടാൻ തീരുമാനിച്ചിരിക്കുന്ന സിറ്റി സൂപ്പർ താരമാണ് ലിറോയ് സാനെ. കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന പത്രസമ്മേളനത്തിൽ താരം ക്ലബ്‌ വിടുമെന്ന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള സ്ഥിരീകരിച്ചിരുന്നു. രണ്ടോ മൂന്നോ തവണ താരത്തിന്റെ കരാർ പുതുക്കാൻ ക്ലബ്‌ ശ്രമിച്ചിരുന്നുവെന്നും എന്നാൽ താരം അതിന് സമ്മതിച്ചില്ല എന്നുമാണ് പെപ് അറിയിച്ചിരുന്നത്. ഈ സമ്മർ ട്രാൻസ്ഫറിലോ അതല്ലെങ്കിൽ താരത്തിന്റെ കരാർ അവസാനിക്കുന്ന അടുത്ത വർഷത്തെ ട്രാൻസ്ഫർ വിൻഡോയിലോ താരം ക്ലബ്‌ വിടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് നിലവിൽ താരത്തിന് വേണ്ടി രംഗത്തുള്ളത്. പുതുതായി നാല്പത് മില്യൺ യുറോയുടെ ഓഫറാണ് സിറ്റിക്ക് മുൻപിൽ ബയേൺ വെച്ചുനീട്ടിയിരിക്കുന്നത്. എന്നാൽ ഇത് സിറ്റി സ്വീകരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേ സമയം താരത്തിന് പകരക്കാരനെ കണ്ടെത്താൻ സിറ്റി ഉദ്ദേശിക്കുന്നില്ലെന് പരിശീലകൻ വ്യക്തമാക്കി. സ്റ്റെർലിങ്, ജീസസ്, മെഹ്റസ് എന്നീ താരങ്ങൾ ഉണ്ടാവുമ്പോൾ പകരം ആവിശ്യമില്ലെന്നാണ് പെപ്പിന്റെ അഭിപ്രായം. പരിക്ക് മൂലം പുറത്തിരിക്കുന്ന സാനെക്ക് പകരമായി ഈ മൂന്ന് താരങ്ങളെയാണ് പെപ് ഉപയോഗിക്കാറുള്ളത്.

” ആദ്യമായി ലിറോയ് സിറ്റി താരമാണ്. ഈ സമ്മറിലാണോ അതോ കരാർ അവസാനിച്ചിട്ടാണോ താരം ക്ലബ്‌ വിടാൻ പോവുന്നതെന്ന കാര്യത്തിനെ കുറിച്ച് എനിക്കറിവില്ല. തീർച്ചയായും ഞങ്ങൾക്ക് ആവിശ്യമായ താരങ്ങൾ ഞങ്ങളുടെ പക്കലിലുണ്ട്. ഗബ്രിയേൽ ജീസസ്, റഹീം സ്റ്റെർലിങ്, ഫിൽ ഫോഡൻ എന്നുവരെല്ലാം തന്നെ ഇടത് ഭാഗത്ത്‌ കളിക്കാൻ കഴിവുള്ള താരങ്ങളാണ്. നല്ല രീതിയിൽ കളിക്കുന്ന, ഒരുപാട് ടാലന്റഡ് ആയിട്ടുള്ള താരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. ഫിൽ, റിയാദ്, റഹീം, ജീസസ് എന്നിവരെല്ലാം തന്നെ ആരോഗ്യപരമായി നല്ല സ്ഥിതിയിലാണ്. ഒരുപാട് കാലം തുടർച്ചയായി കളിക്കാൻ കഴിയുന്ന താരങ്ങൾ തന്നെയാണ് ഇവർ. നിലവിൽ കൊറോണ വൈറസ് പ്രതിസന്ധി കാരണം ക്ലബിന്റെ സാമ്പത്തികസ്ഥിതിയും മറ്റുള്ള കാര്യങ്ങളും എല്ലാം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെ താരത്തിന്റെ പകരക്കാരനെ കണ്ടെത്തണ്ട എന്നാണ് തീരുമാനം. നിലവിലെ സാഹചര്യങ്ങൾ എങ്ങോട്ടാണ് പോവുന്നത് എന്നതിനെ കുറിച്ച് എനിക്ക് ധാരണയില്ല. ഈ സീസൺ അവസാനം എന്താണ് സംഭവിക്കുന്നതെന്ന് കാണാനിരിക്കുകയാണ് എല്ലാവരും ” പെപ് പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *