സാഞ്ചോയെ ടീമിൽ നിന്നും ഒഴിവാക്കിയതിനോട് പ്രതികരിച്ച് ടെൻഹാഗ്, തന്നെ ബലിയാടാക്കുന്നുവെന്ന് താരം!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സണൽ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.ഒഡേഗാർഡ്,റൈസ്,ജീസസ് എന്നിവരാണ് ആഴ്സണലിന്റെ ഗോളുകൾ നേടിയത്. യുണൈറ്റഡിന്റെ ആശ്വാസഗോൾ റാഷ്ഫോർഡിന്റെ വകയായിരുന്നു.

എന്നാൽ ഈ മത്സരത്തിനുള്ള സ്‌ക്വാഡിൽ സൂപ്പർ താരം ജേഡൻ സാഞ്ചോയെ പരിശീലകനായ ടെൻ ഹാഗ് ഉൾപ്പെടുത്തിയിരുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കിയത് എന്ന ചോദ്യം ടെൻ ഹാഗിനോട് മത്സരത്തിനു മുന്നേ മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. ട്രെയിനിങ്ങിൽ മോശം പ്രകടനം നടത്തിയത് കൊണ്ടാണ് സാഞ്ചോയെ പുറത്താക്കിയത് എന്നാണ് ടെൻ ഹാഗ് വിശദീകരണമായി കൊണ്ട് നൽകിയത്. യുണൈറ്റഡ് ടീമിൽ കളിക്കാനുള്ള നിലവാരത്തിലേക്ക് അദ്ദേഹം ഉയരണമെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തിട്ടുണ്ട്.

എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ചുകൊണ്ട് സാഞ്ചോ തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് അദ്ദേഹം ഇറക്കുകയായിരുന്നു. തന്നെ ബലിയാടാക്കുകയാണെന്നും മറ്റു പല കാരണങ്ങൾ കൊണ്ടുമാണ് തന്നെ ടീമിൽ നിന്നും പുറത്താക്കിയത് എന്നുമാണ് സാഞ്ചോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

” നിങ്ങൾ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്.ഇവിടെ പറയപ്പെടുന്ന പല കാര്യങ്ങളും പച്ചക്കള്ളമാണ്.ഈ ആഴ്ചയിൽ നല്ല രീതിയിലാണ് ഞാൻ ട്രെയിനിങ് നടത്തിയത്. എന്നെ ടീമിൽ നിന്നും മാറ്റിയത് മറ്റു പല കാരണങ്ങൾ കൊണ്ടുമാണ്. കഴിഞ്ഞ കുറെ കാലങ്ങളായി ഞാനിവിടെ ഒരു ബലിയാടാണ്.അത് തീർത്തും അന്യായമായ ഒരു കാര്യമാണ്. കോച്ചിംഗ് സ്റ്റാഫിന്റെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും ഞാൻ ഈ ബാഡ്ജിന് വേണ്ടി പോരാടും ” ഇതാണ് സാഞ്ചോ സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചിട്ടുള്ളത്.

പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ രണ്ട് പരാജയങ്ങൾ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടിവന്നു. കൂടാതെ സീസണിന്റെ തുടക്കത്തിൽ തന്നെ വിവാദങ്ങളും വന്നതോടുകൂടി ടെൻ ഹാഗിനും വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *