സലാ ക്രിസ്റ്റ്യാനോയെ പോലെ : കാരണ സഹിതം വ്യക്തമാക്കി ക്ലോപ്!

ഈ സീസണിലും പതിവുപോലെ മികച്ച പ്രകടനമാണ് ലിവർപൂളിന്റെ ഈജിപ്ഷൻ സൂപ്പർതാരമായ മുഹമ്മദ് സലാ നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആകെ 9 മത്സരങ്ങൾ കളിച്ച താരം 7 ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ലിവർപൂളിന് വേണ്ടി ആകെ കളിച്ച ആറ് സീസണുകളിൽ നാലെണ്ണത്തിലും സലാ 30ലധികം ഗോളുകൾ നേടിയിട്ടുണ്ട്. 31കാരനായ താരം ഇപ്പോഴും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് സലായെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യം ചെയ്തിട്ടുണ്ട്. പ്രായം വർദ്ധിച്ചാലും മികവിന് ഒരു പ്രശ്നവും തട്ടാത്ത താരങ്ങളാണ് ഇവർ എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. അദ്ദേഹം സലായെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” ഇപ്പോഴും സലാ ഒരു യുവതാരത്തെ പോലെയാണ് കളിക്കുന്നത്.അദ്ദേഹത്തിന്റെ ഫിറ്റ്നസ് അമ്പരപ്പിക്കുന്നതാണ്. അദ്ദേഹത്തെ ശരിക്കൊന്ന് പരിശോധിച്ചാൽ അദ്ദേഹത്തിന്റെ എല്ലുകൾക്ക് 20 വയസ്സ് മാത്രമേ ഇപ്പോൾ ഉണ്ടാവുകയുള്ളൂ എന്നാണ് എന്റെ അഭിപ്രായം.പല താരങ്ങളും 35 ആം വയസ്സിൽ ഇവിടെ കരിയർ അവസാനിപ്പിക്കുന്നു.സലാ എല്ലാ കാര്യങ്ങളിലും കൂടുതൽ കൂടുതൽ മികച്ചവനായി വരികയാണ്.30 വയസ്സുള്ള മറ്റു താരങ്ങളുമായി ഞാൻ അദ്ദേഹത്തെ താരതമ്യം ചെയ്യില്ല. കാരണം അദ്ദേഹത്തിന് മുപ്പതു വയസ്സാണ് എന്നത് ഞാൻ വിശ്വസിക്കുന്നില്ല.ക്രിസ്റ്റ്യാനോയെ പോലെയാണ് അദ്ദേഹം ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

താരത്തെ നിലനിർത്താൻ തന്നെയാണ് ലിവർപൂളിന് താൽപര്യം. എന്നാൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇതിഹാദിന് സലായെ സ്വന്തമാക്കാൻ വളരെയധികം താല്പര്യമുണ്ട്.ലോക റെക്കോർഡ് തുക അവർ നേരത്തെ ഓഫർ ചെയ്തിരുന്നുവെങ്കിലും ലിവർപൂൾ നിരസിക്കുകയായിരുന്നു.വരുന്ന ട്രാൻസ്ഫർ വിൻഡോകളിൽ ഇനിയും ശ്രമങ്ങൾ തുടരാൻ തന്നെയാണ് ഇത്തിഹാദിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *