സലായേക്കാൾ മികച്ചതെന്ന് കണക്കുകൾ, പ്രശ്നപരിഹാരത്തിന് അർജന്റൈൻ സ്‌ട്രൈക്കറെ യുണൈറ്റഡ് സ്വന്തമാക്കുമോ?

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഒരു മോശം അവസ്ഥയിലൂടെയാണ് അവരിപ്പോൾ കടന്നു പോവുന്നത്.കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അവർ വോൾവ്‌സിനോട്‌ പരാജയപ്പെട്ടിരുന്നു.നിലവിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ള യുണൈറ്റഡ് ഒന്നാം സ്ഥാനക്കാരായ സിറ്റിയേക്കാൾ 22 പോയിന്റുകൾക്ക് പിറകിലാണ്.

ഏതായാലും യുണൈറ്റഡ് ടീമിന്റെ എല്ലാ മേഖലകളിലും പ്രശ്നങ്ങളുണ്ട്. യുണൈറ്റഡിന്റെ മുന്നേറ്റനിരയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പ്രമുഖ മാധ്യമമായ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്‌ ഒരു നിർദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. അതായത് റിവർപ്ലേറ്റിന്റെ അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ ജൂലിയൻ ആൽവരസിനെ സൈൻ ചെയ്യുക എന്നാണ് ഇവരുടെ നിർദേശം. നിലവിൽ യുണൈറ്റഡിന്റെ സ്‌ട്രൈക്കർമാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും എഡിൻസൺ കവാനിയുമൊക്കെ പ്രായമേറിയ താരങ്ങളാണ്. ആ സ്ഥാനത്തേക്കാണ് ഇവർ ആൽവരസിനെ നിർദേശിച്ചിരിക്കുന്നത്.

ഈ സീസണിൽ മിന്നുന്ന ഫോമിലാണ് ആൽവരസ് കളിച്ചു കൊണ്ടിരിക്കുന്നത്.ഇതിനോടകം തന്നെ 20 ഗോളുകൾ ആൽവരസ് നേടിക്കഴിഞ്ഞിട്ടുണ്ട്.അതായത് പ്രീമിയർ ലീഗിലെ ടോപ് സ്‌കോററായ മുഹമ്മദ് സലാ ഈ സീസണിൽ ആകെ നേടിയത് 23 ഗോളുകളാണ്.99 ശ്രമങ്ങങ്ങളിൽ നിന്നാണ് സലാ ഈ ഗോളുകൾ നേടിയത്.അതേസമയം കേവലം 66 ശ്രമങ്ങളിൽ നിന്നാണ് ആൽവരസ് 20 ഗോളുകൾ ഈ സീസണിൽ നേടിയിട്ടുള്ളത്. ശരാശരി 3.8 ഷോട്ടുകളിൽ നിന്നാണ് സലാ ഒരു ഗോൾ നേടുന്നതെങ്കിൽ 3.1 ഷോട്ടുകളിൽ നിന്ന് ഓരോ ഗോളുകൾ വീതം ആൽവരസ് നേടുന്നുണ്ട്. ചുരുക്കത്തിൽ ഫിനിഷിങ്ങിൽ സലായേക്കാൾ മികച്ച രൂപത്തിൽ ആൽവരസ് കളിക്കുന്നുണ്ട് എന്നാണ് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസിന്റെ വാദം.

അത്കൊണ്ട് തന്നെ ജൂലിയൻ ആൽവരസിന് യുണൈറ്റഡിന്റെ മുന്നേറ്റനിരയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുമെന്നാണ് ഇവരുടെ നിഗമനം. യുണൈറ്റഡ് താരത്തിന് വേണ്ടി നീക്കങ്ങൾ നടത്തുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള ഒരു താരമാണ് ആൽവരസ്.

Leave a Reply

Your email address will not be published. Required fields are marked *