വേൾഡ് കപ്പിനോടടുക്കുമ്പോൾ ജീസസ് നിറം മങ്ങുന്നു, ആശങ്കപ്പെടേണ്ടതുണ്ടോ?
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ ഇപ്പോൾ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഇതിൽ പ്രധാന പങ്ക് വഹിച്ചിക്കുന്നത് ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസായിരുന്നു.ആഴ്സണലിന് വേണ്ടി കളിച്ച ആദ്യത്തെ 9 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടാൻ ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് സാധിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ തിളങ്ങാൻ ജീസസിന് സാധിച്ചിരുന്നില്ല.അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലും നേടാൻ ഈ താരത്തിന് കഴിഞ്ഞിട്ടില്ല.ഇത് പലർക്കിടയിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് വേൾഡ് കപ്പിനോട് അടുക്കുമ്പോൾ ബ്രസീലിയൻ ആരാധകർക്കിടയിലാണ് താരത്തിന് ഗോളടിക്കാനാവാത്തത് ആശങ്ക സൃഷ്ടിക്കുന്നത്.
എന്നാൽ ആഴ്സണലിന്റെ പരിശീലകനായ ആർടെറ്റക്ക് താരത്തിന്റെ കാര്യത്തിൽ ആശങ്ക ഒന്നുമില്ല. കഴിഞ്ഞ സതാംപ്റ്റണെതിരെയുള്ള മത്സരത്തിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് ഗോളുകൾ നേടാൻ കഴിയുമെന്നാണ് ആർടെറ്റ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 24, 2022
” ഈ മത്സരത്തിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയതിന് അദ്ദേഹം നിരാശപ്പെടുന്നുണ്ട് എന്നുള്ളത് എനിക്കറിയാം.എപ്പോഴും ഗോളുകൾ നേടാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ജീസസ്. ടീമിന് വേണ്ടി എല്ലാം സമർപ്പിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് ഇന്ന് ഗോളടിക്കാൻ കഴിയാതെ പോയത് നിർഭാഗ്യമാണ്. എന്നാൽ അദ്ദേഹം ഇനി ഗോളുകൾ നേടുക തന്നെ ചെയ്യും ” ഇതാണ് ആഴ്സണൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ വേൾഡ് കപ്പിൽ ബ്രസീലിനു വേണ്ടി തിളങ്ങാൻ സാധിക്കാത്തതിനാൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്ന താരമായിരുന്നു ഗബ്രിയേൽ ജീസസ്. ഈ വേൾഡ് കപ്പ് അടുക്കുന്ന സമയത്ത് താരത്തിന്റെ ഫോമിൽ ഇടിവ് വന്നത് ബ്രസീൽ ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യം തന്നെയാണ്.