വെറും നാല് മില്യണ് ഹാലന്റിനെ സൈൻ ചെയ്യാനുള്ള അവസരം ലഭിച്ചിട്ട് യുണൈറ്റഡ് അത് തള്ളിക്കളഞ്ഞു : വിമർശനവുമായി സോൾഷെയർ!

ഈ സീസണിലായിരുന്നു സൂപ്പർ താരം ഏർലിംഗ് ഹാലന്റ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കാൻ തുടങ്ങിയത്. ആകെ 51 ഗോളുകൾ ക്ലബ്ബിന് വേണ്ടി ഇതിനോടകം തന്നെ പൂർത്തിയാക്കാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്. അത്രയേറെ മികവിലാണ് ഇപ്പോൾ താരം കളിച്ചുകൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഈ സീസണിൽ 3 കിരീടങ്ങൾ നേടാനുള്ള അവസരവും താരത്തിന്റെ മുമ്പിലുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പരിശീലകനായിരുന്ന ഒലെ ഗുണ്ണാർ സോൾഷെയർ നേരത്തെ ഹാലന്റിനെ പരിശീലിപ്പിച്ചിട്ടുണ്ട്.ഹാലന്റ് മോൾഡേയിൽ കളിച്ചിരുന്ന സമയത്ത് അവിടെ പരിശീലകനായി ഉണ്ടായിരുന്നത് സോൾഷെയറായിരുന്നു. അന്ന് കേവലം നാലു മില്യൻ പൗണ്ട് വിലയുണ്ടായിരുന്ന ഹാലന്റിനെ സൈൻ ചെയ്യാൻ ഞാൻ യുണൈറ്റഡിനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ അവർ അത് നിരസിച്ചു എന്നുമാണ് സോൾഷെയർ വെളിപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ആ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കോൺടാക്ട് ചെയ്തിരുന്നു. യുണൈറ്റഡിന് ആവശ്യമുള്ള വളരെ ടാലന്റ്ഡ് ആയിട്ടുള്ള ഒരു സ്ട്രൈക്കർ ഇവിടെയുണ്ടെന്ന് അവരെ ഞാൻ അറിയിച്ചു.ആ താരത്തെ സൈൻ ചെയ്യാനും ഞാൻ അവരോട് ആവശ്യപ്പെട്ടു.പക്ഷേ എന്റെ ആവശ്യം അവർ ഒരിക്കലും പരിഗണിച്ചില്ല.കേവലം 4 മില്യൺ യൂറോയായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വില.ഇപ്പോൾ അദ്ദേഹം എവിടെയാണെന്ന് നോക്കൂ.വളരെ മികച്ച രൂപത്തിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 11 വർഷക്കാലം കളിച്ചിട്ടുള്ള താരമാണ് സോൾഷെയർ. പിന്നീട് 2018 ലാണ് അദ്ദേഹം യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. 2021ൽ അദ്ദേഹത്തിന് പരിശീലക സ്ഥാനം നഷ്ടമാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *