വീണ്ടും തോൽവി, 1959-ന് ശേഷം ഇതാദ്യം, ആഴ്സണലും ആർട്ടെറ്റയും നാണക്കേടിന്റെ പടുകുഴിയിൽ !

നാണക്കേടിൽ നിന്നും നാണക്കേടിലേക്കാണ് ആഴ്സണലിന്റെ യാത്ര തുടരുന്നത്. പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിലും ആഴ്സണൽ പരാജയപ്പെടുകയായിരുന്നു. അതും അവസാനസ്ഥാനക്കാരിൽ ഒരാളായ ബേൺലിയോട്. എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സ്‌ തോൽവി അറിഞ്ഞത്. മത്സരത്തിന്റെ 73-ആം മിനിറ്റിൽ സൂപ്പർ താരം ഓബമയാങ് വഴങ്ങിയ സെൽഫ് ഗോളാണ് ആഴ്സണലിന് തോൽവി സമ്മാനിച്ചത്. ഇതോടെ ആഴ്സണൽ പതിനഞ്ചാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ കേവലം 13 പോയിന്റ് മാത്രമാണ് ആഴ്സണലിന് നേടാൻ സാധിച്ചത്. ഇന്നലത്തെ മത്സരത്തിലെ 58-ആം മിനിറ്റിൽ ഗ്രാനിത് ഷാക്ക കണ്ട റെഡ് കാർഡ് ഗണ്ണേഴ്സിന് തിരിച്ചടിയാവുകയായിരുന്നു.

നിലവിൽ റെലഗേഷൻ സോണിൽ നിന്നും കേവലം അഞ്ച് പോയിന്റ് ദൂരത്ത് മാത്രമാണ് ആഴ്സണൽ. 39 വർഷത്തെ ഏറ്റവും മോശം തുടക്കമാണ് ഇത്തവണ പ്രീമിയർ ലീഗിൽ ആഴ്സണൽ തുടങ്ങിയിരിക്കുന്നത്. അത്‌ മാത്രമല്ല തുടർച്ചയായി നാലു ഹോം മത്സരങ്ങൾ ആഴ്സണൽ തോൽക്കുകയും ചെയ്തു. 1959-ന് ശേഷം ഇതാദ്യമായാണ് ആഴ്സണൽ നാലു ഹോം മത്സരങ്ങൾ തുടർച്ചയായി തോൽക്കുന്നത്.

അവസാനമായി കളിച്ച പത്ത് പ്രീമിയർ ലീഗ് മത്സരങ്ങളിൽ എഴെണ്ണത്തിലും ആഴ്സണൽ പരാജയപ്പെടുകയാണ് ചെയ്തത്. ഇതിൽ ആറ് മത്സരങ്ങളിലും ഗോൾ നേടാൻ ആഴ്സണലിന് സാധിച്ചില്ല. നാണക്കേടിന്റ കണക്കുകളാണ് ഓരോ മത്സരശേഷവും ആഴ്സണലിനെ തേടിയെത്തുന്നത്. ഈ പ്രീമിയർ ലീഗിൽ ബേൺലി, ടോട്ടൻഹാം, വോൾവ്‌സ്, ആസ്റ്റൺ വില്ല, ലെസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരോടൊക്കെ ആഴ്സണൽ തോൽവി അറിഞ്ഞു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *