വില്യൻ കൂടുമാറുന്നു, ഇത്തവണ മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബിൽ!

ബ്രസീലിയൻ സൂപ്പർ താരമായ വില്യൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് വേണ്ടി ദീർഘകാലം കളിച്ചിട്ടുണ്ട്.2013 മുതൽ 2020 വരെ ചെൽസിയിൽ ചിലവഴിച്ച ഇദ്ദേഹം പിന്നീട് ആഴ്സണലിലേക്ക് പോവുകയായിരുന്നു. എന്നാൽ ഗണ്ണേഴ്സിൽ തിളങ്ങാൻ സാധിക്കാതെ പോയതോടെ അദ്ദേഹം തന്റെ ജന്മനാടായ ബ്രസീലിലേക്ക് തന്നെ മടങ്ങിയിരുന്നു. മുൻ ക്ലബ്ബായ കൊറിന്ത്യൻസിനു വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. എന്നാൽ വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നതോടെ അദ്ദേഹം തിരികെ പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങിയെത്തി.

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾഹാമിന് വേണ്ടിയായിരുന്നു വില്യൻ കളിച്ചിരുന്നത്. 34കാരനായ ഈ വെറ്ററൻ താരം 30 മത്സരങ്ങളാണ് കഴിഞ്ഞ സീസണിൽ ആകെ കളിച്ചത്.ആ മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം നേടിയിരുന്നു.തുടർന്ന് അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ ഫുൾഹാം താൽപര്യം പ്രകടിപ്പിച്ചിരുന്നു. അവർ ഓഫർ നൽകുകയും ചെയ്തിരുന്നു. എന്നാൽ ക്ലബ്ബിൽ തുടരാൻ ഈ ബ്രസീലിയൻ താരത്തിന് താല്പര്യമില്ലായിരുന്നു.

അതുകൊണ്ടുതന്നെ വില്യൻ ഇപ്പോൾ ഫ്രീ ഏജന്റാണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ഇപ്പോൾ മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റ് രംഗത്ത് വന്നിട്ടുണ്ട്.ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നോട്ടിങ്ഹാം ഇതുവരെ സൈനിങ്ങുകൾ ഒന്നും നടത്തിയിട്ടില്ല. അവരുടെ ആദ്യത്തെ സൈനിങ്ങ് വില്യൻ ആവാനാണ് ഇപ്പോൾ സാധ്യതകൾ ഉള്ളത്. അതേസമയം സൗദി അറേബ്യയിലെ ചില ക്ലബ്ബുകളും അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി 2011 മുതലാണ് വില്യൻ കളിക്കാൻ ആരംഭിച്ചത്. ആകെ കളിച്ച 70 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ 2019 ന് ശേഷം അദ്ദേഹത്തിന് ബ്രസീലിന്റെ നാഷണൽ ടീമിലേക്ക് വിളി വന്നിട്ടില്ല.34 കാരനായ താരത്തിന് ഇനി അവസരങ്ങൾ ലഭിക്കാൻ സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *