വമ്പന്മാർക്കെതിരെ അപരാജിതരായി ആഴ്സണൽ,കിരീടം നേടുമോ?

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ആഴ്സണലിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആഴ്സണൽ പരാജയപ്പെടുത്തിയത്.ഓൾഡ് ട്രഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ ട്രോസാർഡ് നേടിയ ഗോളാണ് ഗണ്ണേഴ്സിന് വിജയം നേടിക്കൊടുത്തത്.മാഞ്ചസ്റ്റർ സിറ്റിയെക്കാൾ ഒരു മത്സരം അധികം കളിച്ച ആഴ്സണൽ പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്.

അതേസമയം മറ്റൊരു പ്രധാനപ്പെട്ട കണക്കുകൂടി എടുത്തു പറയേണ്ടതുണ്ട്. പ്രീമിയർ ലീഗിലെ ബിഗ് സിക്സ് ക്ലബ്ബുകൾക്കെതിരെ ഒരിക്കൽ പോലും ആഴ്സണലിന് ഈ സീസണിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല.മാഞ്ചസ്റ്റർ സിറ്റി,മാഞ്ചസ്റ്റർ യുണൈറ്റഡ്,ചെൽസി,ലിവർപൂൾ,ടോട്ടൻഹാം എന്നിവർക്കെതിരെ കളിച്ച ഒരൊറ്റ മത്സരത്തിൽ പോലും ആഴ്സണൽ പരാജയം അറിഞ്ഞിട്ടില്ല.ആകെ 10 മത്സരങ്ങൾ കളിച്ചപ്പോൾ 6 വിജയങ്ങൾ സ്വന്തമാക്കി.നാല് സമനിലകളും അവർ വഴങ്ങി.

നിലവിൽ 37 മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് ആഴ്സണലിന് ഉള്ളത്.2003/04 സീസണിന് ശേഷം ആദ്യമായാണ് ആഴ്സണൽ പ്രീമിയർ ലീഗിൽ ഇത്രയധികം പോയിന്റുകൾ കരസ്ഥമാക്കുന്നത്. അന്ന് 90 പോയിന്റായിരുന്നു അവർ സ്വന്തമാക്കിയിരുന്നത്.ആഴ്സണൽ ഏറ്റവും അവസാനമായി പ്രീമിയർ ലീഗ് നേടിയതും ആ സീസണിൽ തന്നെയായിരുന്നു.ഇനി ആഴ്സണലിന് എവർടണെതിരെയാണ് മത്സരം അവശേഷിക്കുന്നത്. ആ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ 89 പോയിന്റുകൾ പൂർത്തിയാക്കാൻ സാധിക്കും.

അതേസമയം സിറ്റി ടോട്ടൻഹാം,വെസ്റ്റ്ഹാം എന്നിവർക്കെതിരെയാണ് മത്സരങ്ങൾ കളിക്കുന്നത്. ഇതിൽ ഏതെങ്കിലും ഒരു മത്സരത്തിൽ പോയിന്റുകൾ ട്രോപ് ചെയ്താൽ ആഴ്സണലിന് കിരീടം നേടാൻ സാധിക്കും. അതേസമയം രണ്ട് മത്സരങ്ങളും സിറ്റി വിജയിച്ചാൽ അവർ പ്രീമിയർ ലീഗ് കിരീടം നിലനിർത്തുക തന്നെ ചെയ്യും. ചുരുക്കത്തിൽ ഫോട്ടോ ഫിനിഷിങ്ങാണ് ഇത്തവണ പ്രീമിയർ ലീഗിൽ ആരാധകരെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *