വന്ന വഴി മറക്കാത്തവൻ മാനെ,ലിവർപൂളിന്റെ 150 സ്റ്റാഫിന് താരമയച്ച സമ്മാനങ്ങൾ ഇതൊക്കെയാണ്!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലിവർപൂളിന്റെ സെനഗലീസ് സൂപ്പർതാരമായ സാഡിയോ മാനെ ക്ലബ്ബ് വിട്ടുകൊണ്ട് ബയേണിലേക്ക് ചേക്കേറിയത്. ആറുവർഷം ലിവർപൂളിൽ ചിലവഴിച്ചതിനു ശേഷമാണ് താരം ക്ലബ് വിട്ടത്.ബയേണിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാനും കിരീടം നേടാനും മാനെക്ക് സാധിച്ചിരുന്നു.

ലിവർപൂൾ വിട്ടെങ്കിലും ലിവർപൂളിനോടുള്ള ബന്ധം മാനെ ഒരു തരി പോലും ഉപേക്ഷിച്ചിട്ടില്ല.ബയേണിന്റെ മത്സരം ഉണ്ടായിട്ടുപോലും ലിവർപൂളിന്റെ കമ്മ്യൂണിറ്റി ഷീൽഡ് മത്സരം സാധ്യമായ അത്രയും മാനെ കണ്ടിരുന്നു എന്നുള്ള കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇതാ മറ്റൊരു സൽ പ്രവർത്തി കൂടി മാനെയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

അതായത് ലിവർപൂളിലെ എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും മാനേ തന്റെ വകയായിട്ട് സമ്മാനങ്ങൾ അയച്ചിട്ടുണ്ട്.150 സമ്മാനപ്പൊതികളാണ് മാനെ ലിവർപൂളിലേക്ക് അയച്ചിട്ടുള്ളത്. നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും തന്റെ ഒരു ചിത്രവുമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. കൂടാതെ ചോക്ലേറ്റുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്ലബ്ബിലെ എല്ലാ അംഗങ്ങളെയും ഈ ഒരു പ്രവർത്തിയിലൂടെ ഓർക്കുകയാണ് സാഡിയോ മാനേ ചെയ്തിട്ടുള്ളത്.

മുമ്പും ഇത്തരം സൽപ്രവർത്തികളിലൂടെ കയ്യടി നേടിയ താരമാണ് സാഡിയോ മാനെ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തന്റെ രാജ്യത്തെ ഉയർത്തിക്കൊണ്ടു വരാൻ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ മാനെയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.മാത്രമല്ല,സെനഗലിനൊപ്പവും ലിവർപൂളിനൊപ്പവുമൊക്കെ കിരീടങ്ങൾ നേടിക്കൊണ്ട് ബാലൺ ഡി’ഓർ പുരസ്കാരത്തിൽ മാനെ മുൻപന്തിയിലുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *