വംശീയാധിക്ഷേപം, കവാനിക്ക്‌ വിലക്കും പിഴയും ചുമത്തി !

വംശീയപരമായിട്ടുള്ള വാക്കുകൾ ഉപയോഗിച്ച കേസിൽ കവാനി കുറ്റക്കാരനാണ് എന്ന് എഫ്എ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കവാനി കുറ്റക്കാരനാണ് എന്ന് എഫ്എ കണ്ടെത്തുകയും താരത്തിന് വിലക്കും പിഴയുമേർപ്പെടുത്തുകയും ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ കവാനിയെ മൂന്ന് മത്സരങ്ങളിൽ നിന്നാണ് ഫുട്ബോൾ അസോസിയേഷൻ വിലക്കിയത്. ഇതുപ്രകാരം താരത്തിന് പ്രീമിയർ ലീഗിലെ ആസ്റ്റൺ വില്ല, മാഞ്ചസ്റ്റർ സിറ്റി, വാട്ട്ഫോർഡ് എന്നീ ടീമുകൾക്കെതിരെയുള്ള മത്സരം നഷ്ടമാവുമെന്നുറപ്പായി. കൂടാതെ താരത്തിന് പിഴയും ചുമത്തിയിട്ടുണ്ട്.100,000 പൗണ്ട് ആണ് താരത്തിന് പിഴയായി ചുമത്തിയത്. കൂടാതെ ഫേസ് ടു ഫേസ് എഡ്യൂക്കേഷൻ പൂർത്തിയാക്കാനും എഫ്എ കല്പിച്ചിട്ടുണ്ട്.

ഗോൾ ഡോട്ട് കോമിന്റെ റിപ്പോർട്ട്‌ പ്രകാരം താരം ഇതിനെതിരെ അപ്പീൽ നൽകില്ല എന്നാണ് അറിയാൻ കഴിയുന്നത്. മുപ്പത്തിമൂന്നുകാരനായ താരം നവംബർ ഇരുപത്തിമൂന്നിന് സതാംപ്റ്റണെതിരെ നടന്ന മത്സരത്തിന് ശേഷമാണ് വംശീയചുവയുള്ള വാക്കുകൾ സാമൂഹികമാധ്യമങ്ങളിൽ ഉപയോഗിച്ചത്. തന്നെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റ്‌ ഷെയർ ചെയ്ത കവാനി ” നന്ദി നെഗ്രിറ്റോ ” എന്ന് കുറിക്കുകയായിരുന്നു. ഉടൻ തന്നെ കവാനി ഈ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തുവെങ്കിലും ഫുട്ബോൾ ലോകത്ത് ഇത് വലിയ ചർച്ചാവിഷയമാവുകയായിരുന്നു. പിന്നാലെ കവാനി മാപ്പ് പറഞ്ഞു കൊണ്ട് രംഗത്ത് വരികയും ചെയ്തു. ആരെയും അധിക്ഷേപിക്കാൻ ചെയ്തതല്ല എന്നായിരുന്നു ഈ ഉറുഗ്വൻ താരം അറിയിച്ചത്. എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ട എഫ്എ ഉടൻ തന്നെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *