ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബാണ് യുണൈറ്റഡ്,ടെൻ ഹാഗ് എടുത്തിരിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി: മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് താരം!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി കൊണ്ട് എറിക്ക് ടെൻ ഹാഗ് ചുമതലയേറ്റിരുന്നു. വരുന്ന തിങ്കളാഴ്ചയാണ് യുണൈറ്റഡ് പ്രീ സീസൺ ഒരുക്കങ്ങൾ ആരംഭിക്കുക. യുണൈറ്റഡിലെ തന്റെ ആദ്യ പരിശീലന സെഷനുള്ള ഒരുക്കത്തിലാണ് നിലവിൽ ടെൻ ഹാഗുള്ളത്.
ഏതായാലും എറിക്ക് ടെൻ ഹാഗിന് മുൻ ഇംഗ്ലീഷ് താരമായിരുന്ന പോൾ മേഴ്സൺ ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതായത് ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ജോലിയാണ് എറിക്ക് ടെൻ ഹാഗ് ഏറ്റെടുത്തിരിക്കുന്നത് എന്നാണ് മേഴ്സൺ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 28, 2022
” ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ജോലിയാണ് ഇപ്പോൾ ടെൻ ഹാഗ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനേക്കാൾ ബുദ്ധിമുട്ടേറിയ ഒരു ജോലി അദ്ദേഹത്തിന് ഇനി വന്നുചേരാനില്ല. ഇതൊരു വലിയ ജോലിയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ആ ക്ലബ് പ്രതിസന്ധിയിൽ ആയിരിക്കുന്ന സമയത്താണ് ടെൻ ഹാഗ് ഈ ജോലി ഏറ്റെടുക്കുന്നത്. ഇനി ടീമിലേക്ക് കൂടുതൽ താരങ്ങളെ എത്തിച്ചില്ലെങ്കിൽ പ്രീമിയർ ലീഗിൽ ആദ്യ നാലിൽ പോലും എത്താൻ യുണൈറ്റഡിന് സാധിക്കില്ല.ഫ്രങ്കി ഡി യോങ് ഒരു മികച്ച താരമാണ്. അദ്ദേഹത്തെ ടീമിൽ എത്തിക്കണം. കൂടാതെ മൂന്നോ നാലോ താരങ്ങളെ കൂടി എത്തിച്ചാൽ മാത്രമേ ആദ്യ നാലിൽ ഇടം നേടാൻ വേണ്ടി യുണൈറ്റഡിന് പോരാടാൻ സാധിക്കുകയുള്ളൂ ” ഇതാണ് പോൾ മേഴ്സൺ പറഞ്ഞിട്ടുള്ളത്.
ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇതുവരെ ഒരൊറ്റ സൈനിങ് പോലും നടത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല.കവാനി,പോഗ്ബ എന്നിവർ ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ ക്ലബ്ബ് വിട്ടിരുന്നു.ഫ്രങ്കി ഡി യോങ്,ആന്റണി എന്നിവരെയാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യംവെക്കുന്നത്.