ലോകത്തിലെ ഏറ്റവും മൂല്യമേറിയ ക്ലബ് റയൽ തന്നെ, രണ്ടാമത് ബാഴ്സ !

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ക്ലബ് റയൽ മാഡ്രിഡ്‌ തന്നെയെന്ന് കണ്ടെത്തൽ. ബ്രാൻഡ് ഫിനാൻസ് ആണ് 2020 സ്റ്റഡി എന്ന് പേരിൽ പഠനം നടത്തിയത്. കോവിഡ് പ്രതിസന്ധി എല്ലാ ക്ലബുകളെയും സാമ്പത്തികമായി തളർത്തിയിട്ടുണ്ടെങ്കിലും ഒന്നാം സ്ഥാനം വിട്ടു കൊടുക്കാൻ റയൽ മാഡ്രിഡ്‌ തയ്യാറായിട്ടില്ല. വരുമാനത്തിൽ ഗണ്യമായ കുറവ് കോവിഡ് മൂലം സംഭവിച്ചിട്ടുണ്ടെങ്കിലും അതിനെയൊക്കെ തരണം ചെയ്യാൻ റയലിനായി എന്നാണ് ബ്രാൻഡ് ഫിനാൻസിന്റെ കണ്ടെത്തൽ. 13.8 ശതമാനം ആണ് റയലിന്റെ മൂല്യത്തിൽ ഇടിവ് വന്നത്. എന്നിരുന്നാലും 1.419 ബില്യൺ യുറോ മൂല്യവുമായി റയൽ മാഡ്രിഡ്‌ തന്നെയാണ് ഒന്നാമത്. ചിരവൈരികളായ എഫ്സി ബാഴ്സലോണയാണ് രണ്ടാമത്.

അതേസമയം ബാഴ്സയുടെ ബ്രാൻഡ് വാല്യൂ വർധിച്ചതായാണ് ഇവരുടെ കണ്ടെത്തൽ. 1.4 ശതമാനം വർധിപ്പിക്കാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്. 1.413 ബില്യൺ യുറോയാണ് ബാഴ്സലോണ മൂല്യം.റയലുമായി ആറ് മില്യൺ യുറോക്ക് പിറകിൽ മാത്രമാണ് ബ്രാൻഡ് ഫിനാൻസ് പറയുന്നത്. അതേസമയം മൂന്നാം സ്ഥാനം മാഞ്ചസ്റ്റർ യൂണൈറ്റഡിനാണ്. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ, പിഎസ്ജി എന്നിവരാണ് യഥാക്രമം നാല് മുതൽ ഏഴ് സ്ഥാനങ്ങളിൽ വരെയുള്ളത്. എന്നാൽ മൊത്തം കണക്കിൽ സ്പെയിനിനെ കവച്ചു വെക്കാൻ ബ്രിട്ടീഷ് ക്ലബുകൾക്ക് കഴിഞ്ഞു. ടോപ് 50 ബ്രാൻഡുകളുടെ ആകെ മൂല്യത്തിൽ നാല്പത്തിനാലു ശതമാനവും ഇംഗ്ലീഷ് ക്ലബുകളുടെ മൂല്യമാണ്. ആകെ 8.578 ബില്യൺ യുറോ ഇംഗ്ലീഷ് ക്ലബുകളുടെ മൂല്യമാണ്. അതേസമയം സ്പാനിഷ് ക്ലബുകളുടേത് ഇരുപത് ശതമാനമാണ്. 3.938 ബില്യൺ യുറോയാണ് ആകെയുള്ള അൻപത് ടോപ് ബ്രാൻഡുകളുടെ മൂല്യത്തിൽ സ്പാനിഷ് ക്ലബുകളുടെ പങ്ക്.

Leave a Reply

Your email address will not be published. Required fields are marked *