ലോകത്തിലെ ഏറ്റവും നിസ്വാർത്ഥനായ, അസിസ്റ്റ് കിങ് ആണ് നീ, ഓസിലിന് സഹതാരത്തിന്റെ സന്ദേശം !

കഴിഞ്ഞ ദിവസമായിരുന്നു ഓസിൽ ആഴ്സണൽ വിട്ട് തുർക്കിഷ് ക്ലബായ ഫെനർബാഷേയിലേക്ക് കൂടുമാറിയെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ആറു മാസക്കാലം കൂടി കരാർ അവശേഷിക്കെയാണ് താരം ആഴ്സണലുമായി വഴി പിരിഞ്ഞത്. കഴിഞ്ഞ മാർച്ച്‌ മാസം മുതൽ ഒരു മത്സരം പോലും കളിക്കാൻ സാധിക്കാത്ത ഓസിൽ ഒടുവിൽ ഗണ്ണേഴ്‌സിനെ കൈവിടാൻ തീരുമാനിക്കുകയായിരുന്നു. ആർട്ടെറ്റയുടെ അവഗണനയുടെ ഫലമായിട്ടാണ് ഓസിൽ ആഴ്സണൽ വിടാൻ തീരുമാനിച്ചത്. ഏതായാലും താരത്തിന് ഹൃദയഭേദകമായ ഒരു വിടവാങ്ങൽ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് ഓസിലിന്റെ സഹതാരമായ മുസ്താഫി. തന്റെ ട്വിറ്ററിലൂടെയാണ് ഓസീലിന് വിടവാങ്ങൽ സന്ദേശം മുസ്താഫി കുറിച്ചത്. ലോകത്തിലെ ഏറ്റവും നിസ്വാർത്ഥനായ താരമാണ് ഓസിൽ എന്നും എപ്പോഴും അസിസ്റ്റ് കിങ് ആയിട്ടാണ് ഓസിൽ ഓർമ്മിക്കപ്പെടുക എന്നായിരുന്നു താരത്തെ കുറിച്ച് മുസ്താഫി പറഞ്ഞത്.

” സഹോദരാ… ഞാൻ ഡ്രസിങ് റൂം പങ്ക് വെച്ചിട്ടുള്ളതിൽ വെച്ച് കളത്തിനകത്തും പുറത്തും ഏറ്റവും നിസ്വാർത്ഥനായ ഒരു താരമുണ്ടെങ്കിൽ അത്‌ നീയാണ്. ഒരു അസിസ്റ്റ് കിങ് ആയിട്ടാണ് നീ എപ്പോഴും ഓർമ്മിക്കപ്പെടുക ” ഇതായിരുന്നു മുസ്താഫി കുറിച്ചത്. ക്ലബ്ബിന്റെ റെക്കോർഡ് തുകക്ക് റയൽ മാഡ്രിഡിൽ നിന്നായിരുന്നു ഓസിൽ ഗണ്ണേഴ്‌സിൽ എത്തിയത്. തുടർന്ന് എഫ്എ കപ്പ് നേടികൊടുത്തു കൊണ്ട് ആഴ്സണലിന്റെ കിരീടവരൾച്ചക്ക്‌ വിരാമമിട്ടു. ആരാധകർക്ക്‌ പ്രിയപ്പെട്ട താരമായിരുന്നിട്ട് കൂടി താരത്തെ ആർട്ടെറ്റ തഴയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *