ലിസാൻഡ്രോയുടെ ഉയരമൊന്നും ഒരു പ്രശ്നവുമല്ല : മുൻ താരം!
ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർ താരം ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. എന്നാൽ യുണൈറ്റഡ് ബ്രന്റ്ഫോർഡിനോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ടതോടുകൂടി വലിയ വിമർശനങ്ങൾ ഈ താരത്തിന് ഏറ്റുവാങ്ങേണ്ടിവന്നു. പ്രീമിയർ ലീഗിലെ ഏറ്റവും ഉയരം കുറഞ്ഞ സെന്റർ ബാക്കാണ് ലിസാൻഡ്രോ. അതുകൊണ്ടുതന്നെ താരത്തിന് പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിയില്ലെന്ന് പലരും വിധിയെഴുതി.
എന്നാൽ ശക്തമായ തിരിച്ചുവരവാണ് പിന്നീട് ലിസാൻഡ്രോ നടത്തിയത്.പിന്നീടുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരം ഓഗസ്റ്റ് മാസത്തിലെ ഏറ്റവും മികച്ച യുണൈറ്റഡ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ താരമായ ജാപ് സ്റ്റാം രംഗത്ത് വന്നിട്ടുണ്ട്. അതായത് ലിസാൻഡ്രോ മാർട്ടിനസിന് തന്റെ ഉയരമൊന്നും ഒരു പ്രശ്നവുമല്ല എന്നാണ് സ്റ്റാം പറഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 14, 2022
” ലിസാൻഡ്രോ ഒരു മികച്ച താരമാണ്. അദ്ദേഹം ഇംഗ്ലണ്ടിൽ എത്തിയ സമയത്ത് അദ്ദേഹത്തിന്റെ ഉയരത്തെക്കുറിച്ച് ആളുകൾ സംസാരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഉയരമില്ല എന്നുള്ളത് ഒരു സെന്റർ ബാക്കിനെ സംബന്ധിച്ചിടത്തോളം പ്രശ്നം തന്നെയാണ്. പക്ഷേ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമല്ല. തന്റെ ക്വാളിറ്റി എന്താണ് എന്നുള്ളത് നേരത്തെ തന്നെ അദ്ദേഹം നെതർലാൻഡ്സിലും ചാമ്പ്യൻസ് ലീഗിലും തെളിയിച്ചതാണ്. വളരെയധികം അഗ്രസീവ് ആയിട്ടുള്ള താരമാണ് ലിസാൻട്രോ. പക്ഷേ ചില ടീമുകൾക്കെതിരെ കളിക്കുമ്പോൾ ഈ അഗ്രസീവിൽ കുറച്ച് ജാഗ്രത പുലർത്തണം.പ്രീമിയർ ലീഗിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് പഠിക്കാനുണ്ട്. വലിയ ടീമുകൾക്കെതിരെയും വലിയ താരങ്ങൾക്ക് എതിരെയും കളിക്കുമ്പോൾ, അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് പഠിക്കാൻ സാധിക്കും ” ഇതാണ് സ്റ്റാം പറഞ്ഞിട്ടുള്ളത്.
ഏതായാലും കഴിഞ്ഞ ആഴ്ചയിലെ പ്രീമിയർ ലീഗ് മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. ഇനി യൂറോപ്പ ലീഗിൽ ഷെറിഫിനെയാണ് യുണൈറ്റഡ് നേരിടുക.