ലിസാൻഡ്രോക്ക് വീണ്ടും പരിക്ക്, ഗുരുതരമെന്ന് ടെൻ ഹാഗ്, അർജന്റീനക്ക് ആശങ്ക!

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്നു വേണ്ടി മികച്ച പ്രകടനം നടത്തിയ അർജന്റൈൻ പ്രതിരോധനിരതാരമാണ് ലിസാൻഡ്രോ മാർട്ടിനസ്. എന്നാൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സെവിയ്യക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിസാൻഡ്രോ ദീർഘകാലം പുറത്തായിരുന്നു.

അർജന്റീന ദേശീയ ടീമിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും നിരവധി മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി.ഈയിടെയായിരുന്നു അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. എന്നാൽ ഇന്നലെ വീണ്ടും ലിസാൻഡ്രോക്ക് പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ഹാമിനെതിരെയുള്ള മത്സരത്തിന്റെ 71ആം മിനുട്ടിലാണ് ഈ താരം പരിക്കു മൂലം കളം വിട്ടത്. പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്നത് വിശദമായ പരിശോധനക്ക് ശേഷമാണ് വ്യക്തമാവുക. പക്ഷേ പരിക്ക് ഗുരുതരമാണ് എന്നുള്ള കാര്യം യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ടീമിനും അദ്ദേഹത്തിനും വളരെ വലിയ നിർഭാഗ്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കാഴ്ചയിൽ ഗുരുതരമായ പരിക്കാണ് പിടിപെട്ടിരിക്കുന്നത്.കൂടുതൽ വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ട്.ഞങ്ങൾ ഇപ്പോൾ വളരെയധികം ദുഃഖത്തിലാണ്.പ്രാർത്ഥിക്കുക എന്നല്ലാതെ ഞങ്ങൾക്ക് ഇപ്പോൾ മറ്റൊന്നും ചെയ്യാനില്ല. കുറച്ച് മത്സരങ്ങൾ അദ്ദേഹം പുറത്തിരിക്കേണ്ടി വരും.അദ്ദേഹവും വളരെയധികം ദുഃഖത്തിലും നിരാശയിലുമാണ്.താരം പെട്ടെന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ ആവശ്യമായ എല്ലാതും ഞങ്ങൾ ചെയ്തിരിക്കും “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

വരുന്ന മാർച്ച് മാസത്തിൽ അർജന്റീന രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. അതിനുശേഷം അർജന്റീനയെ കാത്തിരിക്കുന്നത് കോപ്പ അമേരിക്ക ടൂർണമെന്റ് ആണ്. പരിക്ക് ഗുരുതരമാണെങ്കിൽ താരത്തിന് ഇതെല്ലാം നഷ്ടമാവാനുള്ള സാധ്യതയുണ്ട്. താരത്തിന്റെ അഭാവം ഒരുപോലെ യുണൈറ്റഡിനും അർജന്റീനക്കും തിരിച്ചടി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *