ലിവർപൂളിനോട് തോറ്റു, ക്ലോപിനെതിരെ തിരിഞ്ഞ് മൊറീഞ്ഞോ !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ടോട്ടൻഹാമിനെ ലിവർപൂൾ കീഴടക്കിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂൾ വിജയം കൊയ്തത്. മത്സരത്തിന്റെ തൊണ്ണൂറാം ഫിർമിനോ നേടിയ ഹെഡർ ഗോളാണ് ലിവർപൂളിന് വിജയം നേടികൊടുത്തത്. മത്സരത്തിന്റെ ഇരുപത്തിയാറാം മിനിറ്റിൽ സലായിലൂടെ ലിവർപൂളാണ് ലീഡ് കണ്ടെത്തിയത്. എന്നാൽ ആറു മിനുട്ടിന് ശേഷം ടോട്ടൻഹാം സമനില നേടി. ഹ്യൂങ് മിൻ സൺ ആണ് സമനില നേടികൊടുത്തത്. എന്നാൽ തൊണ്ണൂറാം മിനുട്ടിൽ ഫിർമിനോ നേടിയ ഗോൾ ടോട്ടൻഹാമിന്റെ പ്രതീക്ഷകളെ തച്ചുടക്കുകയായിരുന്നു. ജയത്തോടെ ലിവർപൂൾ ഒന്നാം സ്ഥാനത്തേക്ക്‌ കയറി. 28 പോയിന്റാണ് ലിവർപൂളിനുള്ളത്. മൂന്ന് പോയിന്റ് കുറവുള്ള ടോട്ടൻഹാം രണ്ടാം സ്ഥാനത്താണ്.

അതേസമയം മത്സരശേഷം ക്ലോപിനെ പരിഹസിച്ചിരിക്കുകയാണ് ടോട്ടൻഹാം പരിശീലകൻ മൊറീഞ്ഞോ. ഏറ്റവും മികച്ച ടീമാണ് തോറ്റതെന്ന് മൊറീഞ്ഞോ ക്ലോപിനെ അറിയിക്കുകയായിരുന്നു. ക്ലോപ് ഇത് അംഗീകരിക്കാതിരിക്കുകയും ചെയ്തുവെന്ന് മൊറീഞ്ഞോ പറഞ്ഞു. അതേസമയം മത്സരത്തിൽ അവസരങ്ങൾ പാഴാക്കിയ ടോട്ടെൻഹാം താരങ്ങളെയും മൊറീഞ്ഞോ വിമർശിച്ചിരുന്നു.

” ഏറ്റവും മികച്ച ടീമാണ് തോറ്റതെന്ന് ഞാൻ ക്ലോപിനോട് പറഞ്ഞു. പക്ഷെ അദ്ദേഹം അത്‌ അംഗീകരിക്കാതിരിക്കുകയാണ് ചെയ്തത്. ഏതായാലും, അദ്ദേഹം പെരുമാറിയ പോലെ ഞാൻ പെരുമാറിയിരുന്നുവെങ്കിൽ എനിക്കവിടെ നിൽക്കാൻ തന്നെ അവസരം ലഭിക്കുമായിരുന്നില്ല. ഒരു മിനുട്ടിനുള്ളിൽ പുറത്തായേനെ ” മൊറീഞ്ഞോ പറഞ്ഞു. മൊറീഞ്ഞോയും ക്ലോപും തമ്മിൽ ഒന്ന് കൊമ്പുകോർത്തിരുന്നു. ഇതിൽ ക്ലോപിനെതിരെ റഫറി നടപടിയെടുത്തില്ല എന്നതിനെയാണ് മൊറീഞ്ഞോ വിമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *