ലഹരിക്കടത്ത്,മുൻ ആഴ്സണൽ താരം അറസ്റ്റിൽ!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിലൂടെ വളർന്ന് വന്നിട്ടുള്ള താരമാണ് ജെയ്‌ ഇമ്മാനുവൽ തോമസ്.ആഴ്സണൽ സീനിയർ ടീമിന് വേണ്ടി ഇദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ സ്കോട്ട് ലാൻഡിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ഗ്രീനോക്ക് മോർട്ടന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. അവർക്ക് വേണ്ടി ഈ സീസണിൽ 5 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മാത്രമല്ല ഐഎസ്എൽ ക്ലബ്ബായ ജംഷഡ്പൂർ എഫ്സിക്ക് വേണ്ടി 2022/23 സീസണിൽ 17 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് ഇമ്മാനുവൽ തോമസ്.

എന്നാൽ അദ്ദേഹം അറസ്റ്റിലായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ലണ്ടനിലെ സ്റ്റാൻസ്റ്റേഡ് എയർപോർട്ടിൽ വച്ചുകൊണ്ടാണ് ഇദ്ദേഹം അറസ്റ്റിൽ ആയിട്ടുള്ളത്. 60 കിലോ ലഹരി മരുന്ന് ഇദ്ദേഹത്തിന്റെ കൈവശം കണ്ടെത്തുകയായിരുന്നു.ബാങ്കോങ്ങിൽ നിന്നും തിരികെ വന്ന സമയത്താണ് രണ്ട് കേസുകളിലായി 60 കിലോ ലഹരി വസ്തു ഇദ്ദേഹം കൈവശം വെച്ചത്. രണ്ട് സ്ത്രീകളും ഈ താരത്തിനോടപ്പം ഉണ്ടായിരുന്നു. അങ്ങനെ ഇവർ മൂന്നുപേരും എയർപോർട്ടിൽ വച്ച് അറസ്റ്റിലാവുകയായിരുന്നു.

ഇംഗ്ലീഷ് മാധ്യമങ്ങൾ എല്ലാവരും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കേസിലെ വിചാരണ ഇപ്പോൾ ആരംഭിക്കുകയാണ്. ലഹരി കടത്ത് തടയാൻ വേണ്ടി നിയമങ്ങൾ ഇംഗ്ലീഷ് ഗവൺമെന്റ് ഇപ്പോൾ കർക്കശമാക്കിയിട്ടുണ്ട്. പരമാവധി 14 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യമാണ് ഇംഗ്ലണ്ടിൽ ഇപ്പോൾ ലഹരി കടത്ത്.താരത്തിന് എത്രകാലം ജയിലിൽ കിടക്കേണ്ടി വരും എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

33 കാരനായ ഈ താരം ആഴ്സണലിലൂടെയാണ് കരിയർ ആരംഭിച്ചത്.അവർക്ക് വേണ്ടി 5 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.2010ൽ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇദ്ദേഹം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.തുടർന്ന് ഇപ്സ്വിച്ച്,QPR,ബ്രിസ്റ്റോൾ സെറ്റ് തുടങ്ങിയ പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ 17 മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളാണ് ഇദ്ദേഹം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *