റൊണാൾഡോ ബെഞ്ചിലിരിക്കേണ്ടി വന്നേക്കും,യുണൈറ്റഡിന്റെ സാധ്യത ഇലവൻ ഇതാ!

പുതിയ പരിശീലകൻ എറിക്ക് ടെൻ ഹാഗിന് കീഴിലുള്ള ആദ്യത്തെ പ്രീമിയർ ലീഗ് മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.ബ്രയിറ്റണാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. വരുന്ന ഞായറാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 6:30-ന് ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിനുള്ള യുണൈറ്റഡിന്റെ സാധ്യത ഇലവനെ പ്രമുഖ മാധ്യമമായ ടോക്ക് സ്പോർട് പുറത്ത് വിട്ടിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യ ഇലവനിൽ ഇടമുണ്ടാവില്ലെന്നും അദ്ദേഹം ബെഞ്ചിലിരിക്കേണ്ടി വരുമെന്നുമാണ് ഇവർ സൂചിപ്പിക്കുന്നത്. ടീമിനൊപ്പം ആവിശ്യത്തിനുള്ള പരിശീലനമോ സൗഹൃദ മത്സരങ്ങളും റൊണാൾഡോക്ക് ലഭിച്ചിട്ടില്ല എന്നാണ് ഇതിന് കാരണമായി കൊണ്ട് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഏതായാലും ടോക്ക് സ്പോർട്ടിന്റെ സാധ്യത ഇലവനെ നമുക്കൊന്ന് പരിശോധിക്കാം.

ഗോൾകീപ്പറായി കൊണ്ട് ഡേവിഡ് ഡിഹിയ തന്നെയായിരിക്കും.സെന്റർ ബാക്ക് പൊസിഷനിൽ ക്യാപ്റ്റൻ ഹാരി മഗ്വയ്ർക്കൊപ്പം അർജന്റൈൻ താരം ലിസാൻഡ്രോ മാർട്ടിനസ് ഇടം നേടിയേക്കും. ഫുൾ ബാക്കുമാരായി കൊണ്ട് ടൈറൽ മലാസിയ,ഡിയോഗോ ഡാലോട്ട് എന്നിവർ ഇടം നേടുമെന്നാണ് അറിയാൻ സാധിക്കുന്നത്.

ഡിഫൻസിവ് മിഡ്ഫീൽഡർ റോളിൽ മക്ടോമിനിയായിരിക്കും ഇടം കണ്ടെത്തുക. അതേസമയം അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ ക്രിസ്ത്യൻ എറിക്സണും ബ്രൂണോ ഫെർണാണ്ടസും ഇടം നേടിയേക്കും. മുന്നേറ്റ നിരയിൽ ഇരുവശങ്ങളിലുമായി ജേഡൻ സാഞ്ചോ,മാർക്കസ് റാഷ്‌ഫോർഡ് എന്നിവർ അണിനിരന്നേക്കും.സെന്റർ സ്ട്രൈക്കറുടെ സ്ഥാനത്ത് ആന്റണി മാർഷലായിരിക്കും ഇടം നേടുക. ഇതാണ് ടോക്ക് സ്പോട്ട് നൽകുന്ന സാധ്യത ഇലവൻ.

ഏതായാലും ടെൻ ഹാഗിന് കീഴിൽ പ്രീമിയർ ലീഗിൽ ഒരു വിജയ തുടക്കം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ യുണൈറ്റഡിന്റെ ആരാധകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *