റൊണാൾഡോ ബയേണിലെത്തിയാൽ അത് ‘സെക്സിയായിട്ടുള്ള’ കാര്യമായിരിക്കും: മത്തേവൂസ്!

സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ റൂമറുകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ റൊണാൾഡോ ക്ലബ്ബിനോട് അനുവാദം തേടിയിട്ടുണ്ട്.മാത്രമല്ല മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി താരത്തിന് വേണ്ടി നീക്കങ്ങൾ ആരംഭിച്ചതായും അറിയാൻ സാധിക്കുന്നുണ്ട്.

അതേസമയം ജർമ്മൻ വമ്പൻമാരായ ബയേണിനെ റൊണാൾഡോയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ജർമ്മൻ ഇതിഹാസമായ ലോതര്‍ മത്തേവൂസ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. റൊണാൾഡോ ബയേണിലെത്തിയാൽ അത് സെക്സിയായിട്ടുള്ള ഒരു കാര്യമായിരിക്കും എന്നാണ് മത്തേവൂസ് പറഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വാക്കുകളെ സ്കൈ സ്പോർട്സ് ജർമ്മനി റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“റൊണാൾഡോ ബയേണിൽ എത്തിയാൽ അത് സെക്സിയായിട്ടുള്ള ഒരു കാര്യമായിരിക്കും. നിങ്ങൾ അതേക്കുറിച്ച് ഒന്ന് ചിന്തിക്കണം.ഒന്നോ രണ്ടോ വർഷങ്ങൾ ടീമിനെ സഹായിക്കാനുള്ള ശാരീരിക കരുത്ത് ഇപ്പോഴും റൊണാൾഡോക്കുണ്ട്.ലെവന്റോസ്ക്കിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ട്രാൻസ്ഫർ ഫീ റൊണാൾഡോക്ക് വേണ്ടി ധൈര്യമായി ഇൻവെസ്റ്റ് ചെയ്യാം. ഞാനാണെങ്കിൽ ഇങ്ങനെയായിരിക്കും ചിന്തിക്കുക ” ഇതാണ് ലോതർ മത്തേവൂസ് പറഞ്ഞിരുന്നത്.

നേരത്തെ തന്നെ റൊണാൾഡോ ബയേണിൽ എത്തുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ക്ലബ്ബ് അധികൃതർ അന്നു തന്നെ അത് നിരസിച്ചിരുന്നു. പക്ഷേ റൊണാൾഡോ യുണൈറ്റഡ് വിടാൻ തീരുമാനിച്ച ഈ സാഹചര്യത്തിൽ ബയേൺ എന്തെങ്കിലും നീക്കങ്ങൾ നടത്തുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *