റൊണാൾഡോ ടെൻ ഹാഗിന്റെ സിസ്റ്റത്തിന് പറ്റിയ താരമല്ല : റിപ്പോർട്ട്
ഇന്നലെ യുവേഫ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി ഏറ്റുവാങ്ങിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ സോസിഡാഡ് യുണൈറ്റഡിനെ തോൽപ്പിച്ചത്.പ്രീമിയർ ലീഗിൽ തുടർച്ചയായ നാല് മത്സരങ്ങൾ വിജയിച്ചു വന്ന യുണൈറ്റഡിന് ഒരു അപ്രതീക്ഷിത തിരിച്ചടിയാണ് ഈ മത്സരത്തിൽ ഏൽക്കേണ്ടി വന്നിട്ടുള്ളത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യമാണ് ആരാധകരെ ഏറെ ആശങ്കപ്പെടുത്തുന്നത്. ഈ സീസണിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് റൊണാൾഡോ ടെൻ ഹാഗിന് കീഴിൽ സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. രണ്ട് മത്സരങ്ങളിലും യുണൈറ്റഡ് പരാജയപ്പെടുകയായിരുന്നു. മാത്രമല്ല 7 മത്സരങ്ങൾ കളിച്ച താരം ഇതുവരെ ഒരൊറ്റ ഗോൾ പോലും കണ്ടെത്തിയിട്ടില്ല.
അതുകൊണ്ടുതന്നെ ഇന്നലത്തെ മത്സരത്തിനുശേഷം പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഒരു വിശകലനം നടത്തിയിട്ടുണ്ട്. അതായത് ടെൻ ഹാഗിന്റെ സിസ്റ്റത്തിന് പറ്റിയ താരമല്ല എന്ന വിലയിരുത്തലിൽ തന്നെയാണ് ഇവർ എത്തിച്ചേരുന്നത്. ഇന്നലത്തെ താരത്തിന്റെ പ്രകടനം തന്നെയാണ് ഇതിന് ഉദാഹരണമായി കൊണ്ട് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
— Murshid Ramankulam (@Mohamme71783726) September 9, 2022
യുണൈറ്റഡിന്റെ പ്രസിങ് ഗെയിമിന് അനുയോജ്യനാവാൻ ഇതുവരെ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല എതിർ ബോക്സിൽ മികവ് പുലർത്താറുള്ള റൊണാൾഡോ ഇപ്പോൾ ബോക്സിനകത്തും അനിശ്ചിതത്വത്തിലാണ്.എറിക്ക്സണിന്റെ മികച്ച ഒരു ക്രോസും മികച്ച ഒരു ത്രൂ ബോളും കണക്ട് ചെയ്യാൻ റൊണാൾഡോക്ക് കഴിഞ്ഞില്ല. ഒരു ഹെഡർ ഗോൾ നേടിയെങ്കിലും അത് ഓഫ്സൈഡ് ആയിമാറി.ബ്രൂണോയുടെ ഒരു മികച്ച ക്രോസ് താരത്തെ തേടിയെത്തെങ്കിലും അതും ലക്ഷ്യത്തിലെത്തിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞില്ല.
ചുരുക്കത്തിൽ ഇതുവരെയുള്ള പ്രകടനം വെച്ചുനോക്കുമ്പോൾ ടെൻ ഹാഗിന്റെ യുണൈറ്റഡുമായി ഇണങ്ങിച്ചേരാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല.ഇനി പരിശീലകൻ താരത്തിന്റെ കാര്യത്തിൽ ഏത് രൂപത്തിലുള്ള തീരുമാനങ്ങൾ ആയിരിക്കും എടുക്കുക എന്നുള്ളതാണ് കാത്തിരുന്നു കാണേണ്ട കാര്യം.