റൊണാൾഡോയെ വേണ്ടെന്ന അത്ലറ്റിക്കോ ആരാധകരുടെ ബാനർ,പ്രതികരിച്ച് താരം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഇപ്പോഴും ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ക്ലബ്ബ് അതിന് സമ്മതം മൂളിയിട്ടില്ല.

അതേസമയം ഈയിടെ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡുമായി താരത്തെ ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. സ്പാനിഷ് മാധ്യമങ്ങൾ തന്നെയായിരുന്നു ഇത് പുറത്തുവിട്ടിയിരുന്നത്. എന്നാൽ ഇതിനെതിരെ അത്ലറ്റിക്കോ ആരാധകർ പ്രതിഷേധമുയർത്തിക്കൊണ്ട് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ അത്ലറ്റിക്കോയുടെ സൗഹൃദ മത്സരത്തിനിടയിലായിരുന്നു ഒരു കൂട്ടം ആരാധകർ റൊണാൾഡോക്കെതിരെ ബാനർ ഉയർത്തിയത്.

ക്രിസ്റ്റ്യാനോക്ക് ഇവിടേക്ക് സ്വാഗതമില്ല എന്നായിരുന്നു അതിൽ കുറിച്ചിരുന്നത്. അതായത് റൊണാൾഡോ ഇങ്ങോട്ട് വരേണ്ട എന്നായിരുന്നു അത്ലറ്റിക്കോ ആരാധകരുടെ നിലപാട്. ഈ ബാനർ പിടിച്ചുകൊണ്ട് ആരാധകർ നിൽക്കുന്ന ചിത്രം CR7 മാഡ്രിഡി എന്ന് അക്കൗണ്ട് പങ്കുവെച്ചിരുന്നു.

എന്നാൽ ഈ ചിത്രത്തിന്റെ താഴെ റൊണാൾഡോയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. പരിഹാസ രൂപേണ ചിരിക്കുന്ന കുറെ ഇമോജികളാണ് കമന്റായിക്കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ചുരുക്കത്തിൽ റൊണാൾഡോ ഇതിനെ ചിരിച്ചുകൊണ്ട് എഴുതിത്തള്ളുകയാണ്.

ഏതായാലും റൊണാൾഡോ അത്ലറ്റിക്കോയിൽ എത്താനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയാണെങ്കിൽ എങ്ങോട്ട് ചേക്കേറും എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *